മുൻ മന്ത്രി കെ.ജെ.ചാക്കോ നിര്യാതനായി
ചങ്ങനാശേരി: മുൻമന്ത്രിയും മൂന്നുവട്ടം ചങ്ങനാശേരി എം.എൽ.എയുമായിരുന്ന വാഴപ്പള്ളി കല്ലുകുളത്ത് കെ.ജെ.ചാക്കോ (91) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെ രാവിലെ 6.30നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 3.30ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും.
കേരള കോൺഗ്രസിന്റെ ആദ്യകാല നേതാവാണ്. ചങ്ങനാശേരി ബാറിലെ അഭിഭാഷകനായിരിക്കെ 1962ൽ കൗൺസിലറും 1964 ൽ മുനിസിപ്പൽ ചെയർമാനുമായി. 1965,1970,1977 വർഷങ്ങളിൽ ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1979ലെ സി.എച്ച് മന്ത്രിസഭയിൽ റവന്യൂ, എക്‌സൈസ്, ട്രാൻസ്‌പോർട്ട്, സഹകരണം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മിൽമ ചെയർമാനായും പ്രവർത്തിച്ചു.
ഭാര്യ: ത്രേസ്യാക്കുട്ടി (വാഴപ്പള്ളി സെന്റ് തേരേസാസ് ഹൈസ്‌കൂൾ റിട്ട. ടീച്ചർ) ചേർത്തല തൈക്കാട്ടുശേരി പറമ്പത്തറ കുടുംബാംഗമാണ് . മക്കൾ: ഡെയ്‌സി തോമസ്, ജോയി ചാക്കോ, ലിസി പയസ്, ആൻസി ടോണി. മരുമക്കൾ: മാത്യു തോമസ്, ജൂബി ചാക്കോ, പയസ്, ടോണി ജോർജ്.