ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടി: ലഹരി എത്തിച്ചത് ബംഗളൂരു മലയാളി

Tuesday 13 April 2021 12:02 AM IST

കൊച്ചി: നഗരത്തിലെ ആഡംബരഹോട്ടലുകളിൽ ഈയിടെ നടന്ന നിശാപാർട്ടികൾക്ക് ലഹരി എത്തിച്ചത് ബംഗളൂരു സ്വദേശിയും മലയാളിയുമായ പയസ് ആണെന്ന് എക്സെെസ് സംഘത്തിന് വിവരം ലഭിച്ചു. പയസിനായി അന്വേഷണം ഊർജിതമാക്കി.

നിശാപാർട്ടികൾ സംഘടിപ്പിച്ച മൂന്ന് ഹോട്ടലുകളിലും ഇന്നലെ എക്സൈസ് സംഘമെത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവവുമായി ജീവനക്കാർക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. പരിശോധന നടത്തിയാണ് ആളുകളെ ഹോട്ടലുകളിലേക്ക് പ്രവേശിപ്പിച്ചതെന്നും നിശാപാർട്ടികളുമായി ബന്ധമില്ലെന്നുമാണ് ജീവനക്കാർ മൊഴി നൽകിയത്. മൂന്നിടത്തെയും സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. പാർട്ടിയിൽ പങ്കെടുത്തവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരിൽ നിന്നും വിവരങ്ങൾ തേടും.

ശനിയാഴ്ച രാത്രിയിലാണ് കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ കസ്റ്റംസും എക്‌സൈസും സംയുക്തമായി മിന്നൽ പരിശോധന നടത്തി ഡിസ്‌ക് ജോക്കി (ഡി.ജെ) അടക്കം നാലു പേരെ അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശികളായ നിസ്‌വിൻ(39), ഡെന്നീസ്(42), ജോണി (48), ഡി.ജെ ബംഗളൂരു സ്വദേശി അൻസാർ(48) എന്നിവരാണ് പിടിയിലായത്. 1.6 ഗ്രാം എം.ഡി.എം.എ, 50 ഗ്രാം കഞ്ചാവ് എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.നഗരത്തിലെ ലഹരിമരുന്ന് പാർട്ടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടുണ്ടെന്നും വരുംദിവസങ്ങളിലും പൊലീസുമായി സഹകരിച്ച് പരിശോധനയുണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു. എക്സൈസ് എറണാകുളം സി.ഐ വിനോജ് ഗോപിനാഥനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.