കുതിച്ച് വിലക്കയറ്റം; കിതച്ച് വ്യവസായം

Tuesday 13 April 2021 3:15 AM IST

 റീട്ടെയിൽ നാണയപ്പെരുപ്പം 5.5%

 വ്യാവസായിക ഉത്‌പാദന വളർച്ച -3.6%

കൊച്ചി: സാമ്പത്തിക ലോകത്തിനും പൊതുജനത്തിനും കനത്ത തിരിച്ചടിയുമായി മാർച്ചിൽ ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 5.5 ശതമാനമായി ഉയർന്നു. ഫെബ്രുവരിയിൽ 5.03 ശതമാനവും 2020 മാർച്ചിൽ 5.91 ശതമാനവുമായിരുന്നു ഇത്. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുറയ്ക്കണമെങ്കിൽ നാണയപ്പെരുപ്പം നാലു ശതമാനത്തിന് താഴെയായിരിക്കണം. കൊവിഡിൽ നാണയപ്പെരുപ്പം കൂടുന്നെന്ന് ചൂണ്ടിക്കാട്ടി, കഴിഞ്ഞ മേയ്ക്ക് ശേഷം റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചിട്ടില്ല.

ഭക്ഷ്യോത്പന്ന വിലപ്പെരുപ്പം 3.87 ശതമാനത്തിൽ നിന്ന് 4.94 ശതമാനത്തിലേക്ക് ഉയർന്നതാണ് റിസർവ് ബാങ്കിനെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. ഇന്ധനവില നിലവാരം 3.53 ശതമാനത്തിൽ നിന്ന് 4.50 ശതമാനത്തിലെത്തിയതും തിരിച്ചടിയാണ്.

അതിനിടെ, തളർച്ചയിൽ നിന്ന് രാജ്യം കരകയറിയിട്ടില്ലെന്ന് ശക്തമായി സൂചിപ്പിച്ച് ഫെബ്രുവരിയിൽ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) നെഗറ്റീവ് 3.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ജനുവരിയിൽ നെഗറ്റീവ് 1.6 ശതമാനവും 2020 ഫെബ്രുവരിയിൽ പോസിറ്റീവ് 4.5 ശതമാനവുമായിരുന്നു വ്യാവസായിക ഉത്‌പാദന വളർച്ച. മാനുഫാക്‌ചറിംഗ് (നെഗറ്റീവ് 3.7 ശതമാനം), ഖനനം (നെഗറ്റീവ് 5.5 ശതമാനം) എന്നിവയുടെ തളർച്ചയാണ് ഇക്കുറി ഫെബ്രുവരിയിൽ തിരിച്ചടിയായത്. ഊർജോത്പാദനം 0.1 ശതമാനം വളർന്നു.