ആറ്റുകാൽ ക്ഷേത്രത്തിനുമുന്നിൽ കെ മുരളീധരൻ കാത്തുനിന്നപ്പോൾ പ്രിയങ്കയെയും കൂട്ടി നേതാക്കൾ പിന്നിലൂടെ മടങ്ങി, നേമം പിടിച്ചെടുക്കാനുളള ശ്രമത്തെ പിന്നിൽ നിന്ന് കുത്തിയത് പാർട്ടി ഉന്നതർ?
തിരുവനന്തപുരം: ബി.ജെ.പിയുടെ സിറ്റിംഗ് മണ്ഡലമായ നേമത്ത് കെ. മുരളീധരനെ ഇറക്കി അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം ശക്തമായ സന്ദേശം നൽകിയിട്ടും, പ്രചാരണരംഗത്ത് പാർട്ടിയിൽ നിന്ന് ആത്മാർത്ഥമായ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപം ജില്ലയിൽ കോൺഗ്രസിനകത്ത് ശക്തം. എങ്കിലും പാർട്ടിക്കകത്ത് നിന്നുണ്ടായ 'കുത്തു"കളെ അതിജീവിച്ച് നേമം പിടിക്കുമെന്നാണ് നേതൃത്വത്തിന് കെ. മുരളീധരന്റെ ഉറപ്പ്.
മാർച്ച് 30ന് വൈകിട്ടാണ് പ്രിയങ്ക തലസ്ഥാനത്തെത്തിയത്. നേമത്ത് റോഡ്ഷോ നിശ്ചയിച്ചിരുന്നു. വൈകിട്ട് 6ന് പൂജപ്പുരയിൽ ഹെലികോപ്റ്ററിലെത്തുമെന്ന സന്ദേശത്തെ തുടർന്ന് സ്ഥാനാർത്ഥി മുരളീധരൻ അവിടെ കാത്തുനിന്നു. ഇരുട്ടായാൽ ഹെലികോപ്റ്റർ ഇറങ്ങാൻ ബുദ്ധിമുട്ടാണെന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥരിലാരോ സ്ഥാനാർത്ഥിയെ അറിയിച്ചു. കാർ മാർഗം കുണ്ടമൺകടവിലെത്തുമെന്ന വിവരം പിന്നാലെയെത്തിയതോടെ, മുരളീധരൻ അവിടെയെത്തി. രാത്രി എട്ടര മണിയായിട്ടും എത്താതായപ്പോൾ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് നേരിട്ടെത്താനിടയുണ്ടെന്ന് ധരിച്ച് മുരളീധരൻ ക്ഷേത്രത്തിന് മുന്നിലെത്തി.
ചുമതലക്കാരായ ഡി.സി.സി തലപ്പത്തെ ഉന്നതരാണ് മുരളീധരനെ പൂർണമായും ഇരുട്ടിൽ നിറുത്തിയതെന്നാണ് ആക്ഷേപം. മുരളി കുണ്ടമൺകടവിൽ നിന്ന് പോയതിന് പിന്നാലെ പ്രിയങ്കയെയും കൂട്ടി നേതാക്കൾ കാറിൽ അവിടെയെത്തി. എവിടെ മുരളീധരനെന്ന് പ്രിയങ്ക ആവർത്തിച്ച് ചോദിച്ചിട്ടും കാറിൽ ഒപ്പമുണ്ടായിരുന്ന ഡി.സി.സിയിലെ ഉന്നതൻ മിണ്ടാതിരുന്നുവത്രെ. കാറിൽ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി വീണ നായരും പ്രിയങ്കയുടെ പ്രസംഗം പരിഭാഷ ചെയ്യാൻ നിയോഗിക്കപ്പെട്ട ജ്യോതി വിജയകുമാറും ഉണ്ടായിരുന്നു. കാറിലിരുന്ന ആരും മുരളിയെ ഫോണിൽ ബന്ധപ്പെടാൻ തയ്യാറാവാത്തതും മനഃപൂർവം പ്രിയങ്കയെ നേമത്തെത്തിക്കാതിരിക്കാനുള്ള ഗൂഢനീക്കമായാണ് മുരളി ക്യാമ്പ് സംശയിക്കുന്നത്.
ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചും പ്രിയങ്കയെ മുരളിയിൽ നിന്ന് അകറ്റിനിറുത്താൻ ശ്രമമുണ്ടായെന്ന് പറയുന്നു. തിരക്ക് കാരണം പുറത്ത് മുരളീധരൻ കാത്തുനിന്നപ്പോൾ, ക്ഷേത്രത്തിന്റെ പിറകുവശത്ത് കൂടി പ്രിയങ്കയെയും കൂട്ടി ജില്ലാ നേതാക്കൾ മടങ്ങുകയായിരുന്നു. പ്രിയങ്കയ്ക്കും വസ്തുത ബോദ്ധ്യപ്പെട്ടതിനാൽ പിറ്റേന്ന് മുരളീധരനെ ഫോണിൽ ബന്ധപ്പെട്ട് അവർ നേമത്തേക്ക് മാത്രമായി പ്രചാരണത്തിനെത്തുമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.
എന്നാൽ, ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ നിരീക്ഷണത്തിൽ പോയതോടെ പ്രിയങ്കയുടെ വരവ് നടക്കാതെപോയി. പ്രിയങ്കയും ആവശ്യപ്പെട്ടാണ് പ്രചാരണസമാപന ദിവസം രാഹുൽഗാന്ധി നേമത്തെത്തിയതും മുരളീധരന്റെ പ്രചാരണയോഗത്തിൽ പങ്കെടുത്തതും.
ബി.ജെ.പി വിരുദ്ധപോരാട്ടത്തിന്റെ ശക്തമായ സന്ദേശമായാണ് മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ് ഉയർത്തിക്കാട്ടിയതെങ്കിലും കെ.പി.സി.സി പ്രസിഡന്റ് നേമത്ത് പ്രചാരണത്തിനെത്താതിരുന്നതും കോൺഗ്രസ് ക്യാമ്പിൽ ചർച്ചയാണ്.
മുരളിയുടെ പ്രതീക്ഷ
എൻ.എസ്.എസ് പിന്തുണയും കഴിഞ്ഞ തവണ ഒ. രാജഗോപാലിന് ലഭിച്ച നിഷ്പക്ഷ വോട്ടുകളും മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ പിന്തുണയും നേടി ജയിക്കുമെന്നും എസ്.ഡി.പി.ഐ പിന്തുണ ഇടതിന് അനുകൂലമായാലും ബാധിക്കില്ലെന്നുമാണ് മുരളിയുടെ കണക്കുകൂട്ടൽ.