സോളാർ കേസിൽ 1.20 കോടി, സെൻകുമാറിന് 19 ലക്ഷം... അഞ്ചുവർഷംകൊണ്ട് പിണറായി സർക്കാർ വക്കീൽ ഫീസ് നൽകിയതിന്റെ കണക്കുകൾ ഇങ്ങനെ

Tuesday 13 April 2021 3:58 PM IST

കൊച്ചി:സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേസുകൾക്കായി പിണറായി സർക്കാർ ചെലവാക്കിയത് 17.87 കോടി രൂപ. വ്യക്തമായി പറഞ്ഞാൽ 17,86,89,823 രൂപ.നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി അഡ്വക്കേറ്റ് ജനറൽ ഉൾപ്പടെയുള്ള അഭിഭാഷകർ ഉള്ളപ്പോഴാണ് ഇത്. സാധാരണ ജനങ്ങളെ ഒരുതരത്തിലും ബാധിക്കാത്തതുൾപ്പടെയുള്ള കേസുകൾ വാദിക്കാൻ മണിക്കൂറിന് ലക്ഷങ്ങൾ ഈടാക്കുന്ന വക്കീലന്മാരെയാണ് പുറത്തുനിന്ന് കൊണ്ടുവന്നത്. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഹർജി, കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ സുപ്രീംകോടതിയിൽ നടത്തിയ നിയമപോരാട്ടം,സെൻകുമാറിന് ഡി.ജി.പി. സ്ഥാനം നൽകുന്നതിനെതിരായ കേസ് തുടങ്ങിയവയ്ക്കാണ് സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കിയത്. അത്യാവശ്യങ്ങൾക്കുപോലും പണമില്ലാതെ സംസ്ഥാനം കടമെടുക്കുന്ന അവസ്ഥയിലാണ് ഇതെന്നതാണ് ഏറെ കഷ്ടം.

വിവരാവകാശപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ലൈഫ് മിഷൻ, ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് എഫ് ഐ ആർ എടുത്ത സംഭവം, ശബരിമല വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ കേസുകൾക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകർക്ക് നൽകിയ പ്രതിഫലം പുറത്തുവന്ന കണക്കിൽ ഉൾപ്പെട്ടിട്ടില്ല. അതുകൂടി പുറത്തുവരുമ്പോൾ കോടികളുടെ എണ്ണം ഇനിയും കൂടും.അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള 137 സർക്കാർ അഭിഭാഷകർക്ക് ശമ്പളം നൽകാൻ സർക്കാൻ ഒരുമാസം ചെലവാക്കുന്നത് 1.54 കോടി രൂപയാണ്.

സോളാർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി നൽകിയ ഹർജിയെ എതിർക്കാനാണ് സർക്കാർ ഏറ്റവും കൂടുതൽ പണം ചെലവാക്കിയത്. 1.20 കോടിരൂപയായിരുന്നു ഈ കേസിൽ വക്കീൽ ഫീസായി കൊടുത്തത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ ഉൾപ്പടെയുള്ളവരാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായത്. കണ്ണൂരിലെ ഷുഹൈബ് വധക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ എതിർക്കാനുള്ള നിയമപോരാട്ടങ്ങൾക്കായി 98.81 ലക്ഷം രൂപ ചെലവാക്കിയപ്പോൾ ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഹർജിയിൽ 20.90 ലക്ഷം രൂപയാണ് ചെലവാക്കിയത്. സെൻകുമാറിന് ഡി.ജി.പി. സ്ഥാനം നൽകുന്നതിനെതിരായ കേസ് നടത്താൻ 19 ലക്ഷം രൂപ ചെലവഴിച്ചു. ഫീസിനൊപ്പം വിമാനയാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ചെലവും ഇതിൽ ഉൾപ്പെടും.