അയ്യൻകുളം ഭൂമിയെ ചൊല്ലി സംഘർഷവും അറസ്റ്റും

Wednesday 14 April 2021 12:31 AM IST
ഏലൂർ മഞ്ഞുമ്മൽ അയ്യൻകുളം ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ പൊലീസിൻ്റെ സഹായത്തോടെ നഗരസഭാ അധികൃതർ എത്തിയപ്പോൾ സമീപത്തെ വീട്ടുകാർ പ്രതിഷേധിക്കുന്നു

കളമശേരി: ഏലൂരിൽ മഞ്ഞുമ്മൽ അയ്യൻകുളത്തിനു സമീപത്തെ പുറമ്പോക്കു ഭൂമിയെ ചൊല്ലി സമീപത്തെ വീട്ടുകാരും നഗരസഭയും തമ്മിൽ തർക്കം സംഘർഷത്തിലും കേസിലുമെത്തി. സ്വകാര്യ വ്യക്തികൾ ഭൂമി കൈയേറിയതിനാൽ നിയമനടപടികൾ കൈക്കൊള്ളുക മാത്രമെ ചെയ്തിട്ടുള്ളു എന്നാണ് നഗരസഭാ അധികൃതരുടെ വാദം. എതിർകക്ഷികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രിബ്യൂണലിൽ നിന്ന് സ്റ്റേ നേടി വീട്ടിലേക്കുള്ള വഴിയായി ഉപയോഗിച്ചു വരികയായിരുന്നു. ഇതിനെതിരെ നഗരസഭ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയും തുടർന്ന് പൊലീസിന്റെ സഹായത്തോടെ കൈയേറ്റം ഒഴിപ്പിക്കുകയും പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് കേസ് എടുക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. കേസ് നിലനിൽക്കുമ്പോൾ ഇന്നലെ കോടതി അവധി നോക്കി വൈകിട്ട് ഒഴിപ്പിക്കാനെത്തിയത് മനപ്പൂർവമാണെന്നും ഇതിനു പിന്നിൽ വ്യക്തിപരമായ പകയുണ്ടെന്നും വീട്ടിലേക്ക് പോകുന്നതിനുള്ള സഞ്ചാരസ്വാതന്ത്ര്യവും അവകാശവും അനുവദിക്കേണ്ടത് മനുഷ്യാവകാശമാണെന്നും പ്രതിഷേധിച്ച് അറസ്റ്റിലായവർ പറഞ്ഞു.