നിവൃത്തികേട് മുതലെടുക്കരുതേ: കൊവിഡിനെ ക്ഷണിച്ച് ബസുകളിപ്പോഴും ഫുൾ
തിരുവനന്തപുരം: ഭീതി വർദ്ധിപ്പിച്ച് കൊവിഡിന്റെ രണ്ടാം വരവുണ്ടായിട്ടും കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ട്രാൻസ്പോർട്ട് ബസുകളിൽ തിരക്കിന് കുറവൊന്നുമില്ല. കൊവിഡിനെ ഭയമില്ലാഞ്ഞിട്ടല്ല, നിവൃത്തികേടു കൊണ്ടാണ് സാധാരണക്കാരായ യാത്രക്കാർ ബസുകളിൽ ഞെരുങ്ങിക്കയറി യാത്ര ചെയ്യുന്നത്. ഇന്നലെ മുതൽ യാത്രക്കാരെ ബസുകളിൽ നിറുത്തിക്കൊണ്ടു പോകാൻ പാടില്ലെന്ന് ചീഫ് സെക്രട്ടറി ഗതാഗതവകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. പക്ഷേ, ആവശ്യത്തിന് ബസില്ലാത്തതുകാരണം യാത്രക്കാർക്ക് നിന്ന് യാത്ര ചെയ്യേണ്ടിവന്നു.
കൊവിഡ് വ്യാപനം കുറഞ്ഞപ്പോൾ ബസുകളിൽ സീറ്റുകൾക്കു പുറമേ 9 പേരെ നിറുത്തിക്കൊണ്ടുപോകാൻ ഗതാഗതവകുപ്പ് അനുവദിച്ചിരുന്നു. എന്നാൽ അപ്പോഴും ആവശ്യത്തിന് ബസില്ലാത്തതു കാരണം യാത്രക്കാർക്ക് തിങ്ങിഞെരുങ്ങി യാത്രചെയ്യേണ്ടി വന്നു.
അയ്യായിരത്തിലേറെ സർവീസ് നടത്തേണ്ട കെ.എസ്.ആർ.ടി.സി ഇന്നലെ നടത്തിയത് മൂവായിരത്തിന് താഴെ സർവീസുകൾ മാത്രമാണ്. പിന്നെ യാത്രക്കാർ എങ്ങനെ സുരക്ഷിത അകലം പാലിച്ച് യാത്ര ചെയ്യും? തിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബസുകളിൽ യാത്രക്കാരെ കുത്തിനിറയ്ക്കരുതെന്ന് കഴിഞ്ഞ ഡിസംബറിൽ വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകിയിരുന്നു. അതൊന്നും പാലിക്കപ്പെട്ടില്ലെന്നു മാത്രം. ക്രമേണ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതു കാരണം യാത്രക്കാരും തിരക്ക് ഗൗരവത്തിലെടുത്തിരുന്നില്ല.
വേണ്ട ക്രമീകരണം നടത്തിയില്ലെങ്കിൽ വ്യാഴാഴ്ചയും ബസുകളിൽ തിരക്ക് വർദ്ധിക്കാനാണ് സാദ്ധ്യത. ഹിതപരിശോധനയ്ക്കും പൊതുസ്ഥലംമാറ്രത്തിനും ശേഷം ആവശ്യത്തിന് ബസുകൾ സർവീസ് നടത്താനാകുമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് അറിയിച്ചിരുന്നത്. ഹിതപരിശോധനകഴിഞ്ഞു, സ്ഥലംമാറ്ര ഉത്തരവും ഇറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും സർവീസുകളൊക്കെ പഴയപടി തന്നെയാണ്.