നാല് ദിവസം ധാർമ്മികത കാശിക്ക് പോയിരുന്നോ?; കടിച്ച് തൂങ്ങാൻ ജലീൽ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് ചെന്നിത്തല

Wednesday 14 April 2021 10:56 AM IST

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ജലീലിനുളള അതേ ഉത്തരവാദിത്തം മുഖ്യമന്ത്രിയ്‌ക്കും ഉണ്ടെന്നുളള കാര്യം വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാർമ്മിക ബോധം കൊണ്ടൊന്നുമല്ല ജലീൽ രാജിവച്ചത്. ഇപ്പോഴും മന്ത്രി സ്ഥാനത്തിരുപ്പുണ്ടോയെന്ന് കോടതി ചോദിച്ചത് കൊണ്ടാണ് ജലീൽ രാജിവച്ചത്. സ്റ്റേ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ധൃതി പിടിച്ച് ജലീൽ മന്ത്രിപദം ഒഴിഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.

നാല് ദിവസം ധാർമ്മികത കാശിക്ക് പോയിരുന്നോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കടിച്ച് തൂങ്ങാൻ എല്ലാ ശ്രമങ്ങളും ജലീൽ നടത്തി. അതൊക്കെ പരാജയപ്പെട്ടപ്പോഴാണ് രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായതെന്ന് എല്ലാവർക്കുമറിയാം. ഇനിയും സർക്കാർ കോടതിയിൽ പോട്ടെ, കോടതി തീരുമാനിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

നിയമത്തിന് വിധേയമായി സർക്കാർ പ്രവർത്തിക്കണം. ഈ സർക്കാരിന്റെ ശുപാർശയനുസരിച്ച് വന്ന ലോകായുക്തയാണ് ജലീലീനെതിരെ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.