മുഖ്യമന്ത്രിയുടേത് പിതൃവാത്സല്യം, തീർത്താൽ തീരാത്ത കടപ്പാട്; കോടിയേരിയും വിജയരാഘവനും സഹോദരസ്ഥാനീയരായാണ് പെരുമാറിയതെന്ന് കെ ടി ജലീൽ

Wednesday 14 April 2021 3:25 PM IST

മുഖ്യമന്ത്രിയോടുളള കടപ്പാട് തീർത്താൽ തീരാത്തതാണെന്ന് കെ ടി ജലീൽ. പിതൃവാത്സല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും മുഖ്യമന്ത്രി നടത്തിയ ഇടപെടലുകൾ ജീവിതത്തിൽ മറക്കാനാകില്ലെന്നും ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു. കോടിയേരിയും വിജയരാഘവനും സഹോദരസ്ഥാനീയരായാണ് പെരുമാറിയത്. എല്ലാവരേയും സഹായിക്കാനാണ് ശ്രമിച്ചതെന്നും മറിച്ചൊരനുഭവം അറിയാതെയാണെങ്കിലും ആരോടെങ്കിലുമുണ്ടായിട്ടുണ്ടെങ്കിൽ സദയം പൊറുക്കണമെന്നും ജലീൽ പറയുന്നു. സാമ്പത്തിക കാര്യങ്ങളും തന്റെ അഞ്ച് വർഷത്തെ അനുഭവവും വിവരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് എല്ലാവർക്കും വിഷു ആശംസ അറിയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നന്ദി നന്ദി നന്ദി.....

ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് അക്കൗണ്ടിൽ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വർഷത്തെ MLA ശമ്പളവും 5 വർഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി എക്കൗണ്ടിൽ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ ശമ്പളമുൾപ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികർക്കുള്ള ലോൺ വകയിൽ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാൽ ബാക്കിയുണ്ടാവക ഒരു ലക്ഷത്തി പതിനായിരം രൂപ. ഒരു നയാപൈസ സർക്കാരിന്റെയോ ഏതെങ്കിലും വ്യക്തികളുടേതോ ഒരു കണികയെങ്കിലും എന്റെ കയ്യിൽ പറ്റാതത്ര സൂക്ഷ്മത പുലർത്തിയിട്ടുണ്ട് എന്ന കൃതാർത്ഥതയോടു കൂടിയാണ് നാട്ടിലേക്കുള്ള മടക്കം. മറിച്ചൊരഭിപ്രായം ആർക്കെങ്കിലുമുണ്ടെങ്കിൽ അവർക്കത് പരസ്യമായി പറയാം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണ്. പിതൃ വാൽസല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകൾ ജീവിതത്തിൽ മറക്കാനാകില്ല. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പ്രകടിപ്പിച്ച ഐക്യദാർഢ്യവും സഹകരണവും എടുത്തു പറയേണ്ടതാണ്. സഖാവ് കോടിയേരിയും വിജയരാഘവനും സഹോദര സ്ഥാനീയരായാണ് എപ്പോഴും പെരുമാറിയത്.

ഞാൻ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്തപ്പോഴും ഉന്നതവിദ്യാഭ്യാസ മന്ത്രിയായപ്പോഴും ഉദ്യോഗസ്ഥരും എന്റെ പേഴ്സണൽ സ്റ്റാഫും സെക്രട്ടേറിയേറ്റ് ജീവനക്കാരും മികവുറ്റ നിലയിലാണ് പ്രവർത്തിച്ചത്. അവരുടെ നിസ്സീമമായ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ പല പരിഷ്കാരങ്ങളും നിയമ നിർമ്മാണങ്ങളും യാഥാർത്ഥ്യമാകുമായിരുന്നില്ല. എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും വാക്കുകൾക്കതീതമാകയാൽ അതിവിടെ രേഖപ്പെടുത്താതെ പോകലാകും ഭംഗി. ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയിൽ പരമാവധി ഉപകാരം ജനങ്ങൾക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.

മുന്നിലെത്തുന്ന എല്ലാ അപേക്ഷകളിലും അനുകൂല നടപടി കൈക്കൊള്ളണമെന്നാണ് ആഗ്രഹിച്ചത്. ചിലതെങ്കിലും സാങ്കേതികത്വത്തിന്റെ നൂലാമാലകളിൽ കുരുങ്ങി ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടാകില്ല. അവരെന്നോട് ക്ഷമിക്കുമെന്ന് കരുതുതുന്നു. എല്ലാവരേയും സഹായിക്കാനാണ് ശ്രമിച്ചത്. മറിച്ചൊരനുഭവം അറിയാതെയാണെങ്കിലും ആരോടെങ്കിലുമുണ്ടായിട്ടുണ്ടെങ്കിൽ സദയം പൊറുത്താലും. എന്റെ നിയോജക മണ്ഡലത്തിലേതുൾപ്പെടെ ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച നാട്ടിലെ എല്ലാ ജനങ്ങളോടുമുള്ള കൂറും സ്നേഹവും മനസ്സിൻ്റെ മണിച്ചെപ്പിൽ ഒരു അമൂല്യ നിധിയായി എന്നും സൂക്ഷിക്കും. അൽപം വൈകിയെങ്കിലും എല്ലാവർക്കും വിഷുദിനാശംസകൾ നേരുന്നു.

നന്ദി നന്ദി നന്ദി.....

ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് എക്കൗണ്ടിൽ എത്ര രൂപ...

Posted by Dr KT Jaleel on Wednesday, April 14, 2021