കയറ്റുമതിയിൽ 60 ശതമാനം കുതിപ്പെന്ന് കേന്ദ്രം

Friday 16 April 2021 3:41 AM IST

 2020-21ലെ വ്യാപാരക്കമ്മിയിൽ വൻ കുറവ്

ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യാധിഷ്ഠിത കയറ്റുമതി മാർച്ചിൽ 60.29 ശതമാനം കുതിച്ചെന്ന് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട്. 3,445 കോടി ഡോളറാണ് കഴിഞ്ഞമാസത്തെ വരുമാനം. ഇറക്കുമതി 53.74 ശതമാനം ഉയർന്ന് 4,838 കോടി ഡോളറിലുമെത്തി. അതേസമയം, 2020-21 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 7.26 ശതമാനം കുറഞ്ഞ് 29,063 കോടി ഡോളറിലൊതുങ്ങി.

കഴിഞ്ഞവർഷം ഇറക്കുമതി 18 ശതമാനം ഇടിഞ്ഞ് 38,918 കോടി ഡോളറായി. മാർ‌ച്ചിലെ വ്യാപാരക്കമ്മി (ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരം) 2020 മാർച്ചിലെ 998 കോടി ഡോളറിനെ അപേക്ഷിച്ച് 1,393 കോടി ഡോളറായി ഉയർന്നു. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം വ്യാപാരക്കമ്മി തൊട്ടുമുൻ വർഷത്തെ 16,135 കോടി ഡോളറിൽ നിന്ന് 9,856 കോടി ഡോളറായി കുറഞ്ഞത് ആശ്വാസമാണ്.