ഉമ്മൻചാണ്ടി ഉന്മേഷവാൻ
Thursday 15 April 2021 11:29 PM IST
തിരുവനന്തപുരം : കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉന്മേഷവാനാകുന്നു. കൊവിഡ് സംബന്ധിച്ച് മറ്റു പ്രശ്നങ്ങളൊന്നും നിലവില്ല. ഞായറാഴ്ച പുതുപ്പള്ളിയിലെ തോട്ടയ്ക്കാട് വിവാഹിതരാകുന്ന നവദമ്പതിമാർക്ക് ഫേസ്ബുക്കിലൂടെ അദ്ദേഹം ഇന്നലെ മംഗളാശംസകൾ അറിയിച്ചു.
പത്രം വായിച്ചും ടി.വി കണ്ടും സമയം ചെലവഴിക്കുകയാണ്. അടുത്ത പരിശോധനയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. തുടർന്നാവും ഡിസ്ചാർജ് തീരുമാനിക്കുന്നത്. കുടുംബാംഗങ്ങൾക്ക് ആർക്കും കൊവിഡ് ലക്ഷണങ്ങളുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിന് പിന്നാലെ ഈമാസം എട്ടിന് രാത്രിയിലാണ് ഉമ്മൻചാണ്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടക്കത്തിൽ പനിയുണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറി.