ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്ന ഹർജികളിൽ വിധി ഇന്ന്

Friday 16 April 2021 12:00 AM IST

കൊച്ചി: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണന്റെ ഹർജികളിൽ ഹൈക്കോടതി ഇന്നു വിധി പറയും.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലുകളെത്തുടർന്നാണ് ക്രൈംബ്രാഞ്ച് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തത്. സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി പാടില്ലെന്നും, സന്ദീപിന്റെ പരാതിയെത്തുടർന്നുള്ള കേസിൽ തുടർ നടപടികൾ പാടില്ലെന്നും ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. സ്വർണക്കടത്തു കേസിൽ ഇ.ഡി നടത്തുന്ന അന്വേഷണം ഉന്നത വ്യക്തികളിലേക്ക് തിരിഞ്ഞതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തതെന്ന് രാധാകൃഷ്‌ണൻ ആരോപിച്ചിരുന്നു. കേസിലെ ഉന്നത പ്രതികൾ സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണെന്നും ഹർജിക്കാരനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ സ്വർണക്കടത്തു കേസിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡിയുടെ അന്വേഷണം പുരോഗമിക്കുന്നതെന്ന് സർക്കാർ മറുപടി നൽകി. വാദങ്ങൾ പൂർത്തിയായതോടെ ഏപ്രിൽ 9നാണ് സിംഗിൾബെഞ്ച് ഹർജികൾ വിധി പറയാൻ മാറ്റിയത്.

കേസുകൾ റദ്ദാക്കിയാൽ

ഇരു കേസുകളും ഹൈക്കോടതി റദ്ദാക്കിയാൽ സർക്കാരിന് തിരിച്ചടിയാകും. അന്വേഷണം ഉപേക്ഷിക്കേണ്ടിവരും. വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാം.

അന്വേഷണം അനുവദിച്ചാൽ

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ചിന് നടപടികളുമായി മുന്നോട്ടു പോകാം. ഹർജിക്കാരനടക്കമുള്ള ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനും നടപടിയെടുക്കാനും സാധിക്കും. സ്വപ്നയെ ജയിലിൽ ചോദ്യംചെയ്യാൻ അനുമതിക്കായി ക്രൈംബ്രാഞ്ച് നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹൈക്കോടതി വിധിക്കു ശേഷം തീരുമാനമെടുക്കാൻ മാറ്റിയിട്ടുണ്ട്. ഇതിനും സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും നടപടികൾ തുടരാം. സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ ഇ.ഡിക്ക് അപ്പീൽ നൽകാം.