വസ്‌ത്രവ്യാപാരശാലയിൽ 29 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു; അടച്ചുപൂട്ടാൻ ഉത്തരവിട്ട് ജില്ലാ കളക്‌ടർ

Friday 16 April 2021 12:38 PM IST

പാലക്കാട്: ഭൂരിഭാഗം ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പാലക്കാട് നഗരത്തിൽ വിക്ടോറിയ കോളേജിന് സമീപമുള്ള സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാൻ ജില്ലാകളക്‌ടർ മൃൺമയി ജോഷി ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം 2005ലെ വകുപ്പ് 33, 34 (എം) പ്രകാരം ഇന്നലെ മുതൽ ഏഴു ദിവസത്തേക്ക് അടച്ചിടാനാണ് ഉത്തരവ്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി,

നഗരസഭാ സെക്രട്ടറി, നഗരസഭാ വാർഡ് 16 ലെ സെക്ടറൽ മജിസ്‌ട്രേറ്റുമാർ എന്നിവർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.

ജനത്തിരക്കുണ്ടായ സാഹചര്യത്തിൽ ശാരീരിക അകലം പാലിക്കാതെ പ്രവർത്തിച്ചതിനാൽ സ്ഥാപനത്തിലെ 29 പേർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇനിയും കൂടുതൽ പേരിലേക്ക് രോഗബാധ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ഡി.എം.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടച്ചിടൽ നടപടി.

സ്ഥാപന ഉടമകളും ജീവനക്കാരും ഏപ്രിൽ ആറുമുതൽ സ്ഥാപനം സന്ദർശിച്ചിട്ടുള്ള പൊതുജനങ്ങളും കൊവിഡ് ടെസ്റ്റിനു വിധേയരാകാനും സ്ഥാപനം അണുവിമുക്തമാക്കാനും കളക്‌‌‌ടർ ഉത്തരവിൽ പറയുന്നു. അടച്ചിടൽ കാലാവധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ജീവനക്കാരും ഉടമകളും കൊവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തണം. ഉത്തരവ് പാലിക്കാത്തപക്ഷം ദുരന്തനിവാരണ നിയമം 2005 വകുപ്പ് 51 (ബി), ഇന്ത്യൻ ശിക്ഷാനിയമം, എപ്പിഡമിക് ഡിസീസ് ആക്ട് 1897, ഭേദഗതി 2005 എന്നിവ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.