പണം കണ്ടെടുത്തത് കട്ടിലിനടിയിൽ നിന്ന്, കട്ടിൽ ക്ലോസറ്റായി ചിലർക്ക് തോന്നുന്നത് എന്റെ കുഴപ്പമല്ല; പുറത്തുവരുന്ന വാർത്തകൾ അസത്യമെന്ന് കെ എം ഷാജി

Friday 16 April 2021 3:02 PM IST

മലപ്പുറം: വീട്ടിൽ സൂക്ഷിച്ച പണത്തിന് കൃത്യമായ രേഖകളുണ്ടെന്ന് ആവർത്തിച്ച് കെ എം ഷാജി എം എൽ എ. ആവശ്യമായ രേഖകൾ വിജിലൻസിന് നൽകിയിട്ടുണ്ടെന്നും, കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ് കണ്ടെടുത്തത് തിരഞ്ഞെടുപ്പ് ചിലവിനായി പിരിച്ചെടുത്ത പണമാണ്. പൈസ കിട്ടിയത് ക്ലോസറ്റിൽ നിന്നല്ല. ക്യാമ്പ് ഹൗസിലെ കട്ടിലിനടിയിൽ നിന്നാണ്. കട്ടിൽ ക്ലോസറ്റായി ചിലർക്ക് തോന്നുന്നത് തന്റെ കുഴപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ടെടുത്ത വിദേശ കറൻസി മക്കളുടെ ശേഖരത്തിൽ നിന്നുള്ളതാണെന്നും, പുറത്തുവരുന്ന വാർത്തകൾ അസത്യമാണെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ എം ഷാജി.

രാവിലെ പത്ത് മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. തൊണ്ടയാടുള്ള വിജിലൻസ് ഓഫീസിൽ വച്ചായിരുന്നു ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ വിജിലൻസ് രണ്ട് ദിവസം മുൻപ് നടത്തിയ പരിശോധനയിൽ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു.