സി പി എം കട്ടായം പറയുന്നു തുടർഭരണം ഉറപ്പ്, 80 മുതൽ 100 സീറ്റുകൾ വരെ നേടുമെന്ന് വിലയിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്

Friday 16 April 2021 3:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണ സാദ്ധ്യത ഉറപ്പെന്ന് സി പി എം . 80 മുതൽ 100 സീറ്റുകൾ വരെ നേടുമെന്ന് വിലയിരുത്തിയ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ തവണത്തെക്കാൾ 15-20 സീറ്റുകൾ അധികമായി ലഭിച്ചേക്കുമെന്നും കരുതുന്നുണ്ട്. കടുത്ത മത്സരം നടന്ന പല മണ്ഡലങ്ങളിലും വിജയം ഇടതിനായിരിക്കുമെന്നും പലയിടത്തും ബി ജെ പി നിശ്ചലമായിരുന്നുവെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

അവസാന ഘട്ടത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനെത്തിയത് യു ഡി എഫിന് ഗുണം ചെയ്തുവെങ്കിലും അധികാരത്തിൽ വരാൻ കഴിയുന്ന രീതിയിൽ നേട്ടം ഉണ്ടാക്കാൻ വലതുമുന്നണിക്ക് കഴിഞ്ഞില്ലെന്നുമാണ് മറ്റൊരു വിലയിരുത്തൽ.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാദ്ധ്യതകളും യോഗം വ്യക്തമായി വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലുള്ള സാഹചര്യം പരിശോധിച്ചശേഷമായിരുന്നു വിലയിരുത്തൽ.

ഒട്ടുമിക്ക അഭിപ്രായ സർവേകളും ഇടതിന് തുടർഭരണ സാദ്ധ്യത ഉണ്ടാകുമെന്ന തരത്തിലായിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളയുന്ന യു ഡി എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും എൽ ഡി എഫിന്റെ പല സീറ്റുകളും പിടിച്ചെടുക്കുമെന്നും അവകാശപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ശബരിമല പ്രശ്നം ചർച്ചയായതുൾപ്പടെയുള്ള കാരണങ്ങൾ യു ഡി എഫിന്റെ തിരിച്ചുവരവിന് അവസരമൊരുക്കുമെന്നും നേതാക്കൾ പറയുന്നു. സിറ്റിംഗ് സീറ്റായ നേമം നിലനിറുത്തുന്നതിനൊപ്പം മറ്റുചില സീറ്റുകൾ കൂടി കൈപ്പിടിയിലൊതുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.