പൊലീസ് സ്റ്റേഷനുകളിൽ കീഴടങ്ങി അഭിമന്യൂ വധക്കേസിലെ 2 പ്രതികൾ

Saturday 17 April 2021 12:31 AM IST

ആലപ്പുഴ: വള്ളികുന്നം പടയണിവട്ടം ദേവീക്ഷേത്രത്തിൽ വിഷു ഉത്സവത്തിനിടെ പത്താം ക്ളാസ് വിദ്യാർത്ഥി അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതികളായ രണ്ടു പേർ കീഴടങ്ങി. ആർ.എസ്.എസ് പ്രവർത്തകനും ഒന്നാം പ്രതിയുമായ സജയ് ജിത്ത് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും മറ്റൊരു പ്രതി വിഷ്‌ണു എറണാകുളം പിറവത്തിന് സമീപം രാമമംഗലം സ്റ്റേഷനിലുമാണ് കീഴടങ്ങിയത്. ഇരുവരും വള്ളികുന്നം സ്വദേശികളാണ്.

ഇന്നലെ രാവിലെ പത്തരയ്‌ക്ക് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ തനിച്ചെത്തിയ സജയ് ജിത്ത് താൻ വള്ളികുന്നം കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസിനെ അറിയിച്ചു. ഇയാളെ ആലപ്പുഴയിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറി. സംഭവത്തിനുശേഷം രാത്രി ബസിൽ എറണാകുളം കലൂർ സ്‌റ്റാൻഡിലെത്തിയ പ്രതി അവിടെ കറങ്ങിനടക്കുകയായിരുന്നു. സജയ് കീഴടങ്ങിയതിന് പിന്നാലെയാണ് വിഷ്ണു കീഴടങ്ങിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു. ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് അഞ്ചിലധികം പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

വള്ളികുന്നം പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളികുമാറിന്റെ മകൻ അഭിമന്യു വിഷുദിവസം രാത്രി ഒമ്പതരയോടെയാണ് വീടിന് സമീപമുള്ള പടയണിവെട്ടം ക്ഷേത്രോത്സവത്തിനിടെ കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കാശിനാഥ്, ആദർശ് എന്നിവർക്കും കുത്തേറ്റു. ഇവർ ചികിത്സയിലാണ്.

 നാടിന്റെ യാത്രാമൊഴി

അഭിമന്യുവിന്റെ മൃതദേഹം അദ്ധ്യാപകരും സഹപാഠികളും സി.പി.എം പ്രവർത്തകരും നാട്ടുകാരുമടക്കം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പിതൃ സഹോദരപുത്രൻ അർജ്ജുൻ ചിതയ്ക്ക് തീ കൊളുത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഓച്ചിറ പരബ്രഹ്മ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ പത്തരയോടെ സി.പി.എം നേതാക്കൾ ഏറ്റുവാങ്ങി വിലാപയാത്രയായാണ് കൊണ്ടുവന്നത്. ആദ്യം പുത്തൻചന്തയിലുള്ള സി.പി.എം ഓഫീസിൽ പൊതുദർശനത്തിനു വച്ചു. അക്രമത്തിൽ പരിക്കേറ്റ കാശിനാഥ് സഹപാഠിയെ അവസാനമായി കാണാനെത്തിയത് വികാരഭരിതമായി. ഒരു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. അവിടെയും നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, എം.എൽ.എമാരായ ആർ.രാജേഷ്, സജി ചെറിയാൻ, ജെനീഷ്‌കുമാർ, ആർ. രാമചന്ദ്രൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, സെക്രട്ടറി എ.എ.റഹീം, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് , ഡി.സി.സി പ്രസിഡന്റ് എം.ലിജു തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. സംഘർഷം തടയുന്നതിൽ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോൺസൺ എബ്രഹാം ഡി.ജി.പിക്ക് പരാതി നൽകി.