അവിണിശേരി :പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ ബി.ജെ.പിക്ക്

Saturday 17 April 2021 11:06 PM IST

സത്യപതിജ്ഞയ്ക്ക് ഹൈക്കോടതി അനുമതി നൽകി

കൊച്ചി: തൃശൂർ അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയ എൻ.ഡി.എ അംഗങ്ങൾക്ക് പദവിക്ക് അർഹതയുണ്ടെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

യു.ഡി.എഫ് പിന്തുണയോടെ ഇരു സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ഇടത് അംഗങ്ങൾ രാജിവച്ചതു കണക്കിലെടുത്താണ് സിംഗിൾ ബെഞ്ചിന്റെ വിധി. ഇതുസംബന്ധിച്ച് എൻ.ഡി.എ അംഗങ്ങളായ ഹരി. സി നരേന്ദ്രൻ, ഗീത സുകുമാരൻ എന്നിവരുടെ ഹർജികൾ കോടതി അനുവദിച്ചു.

 കേസ് ഇങ്ങനെ

പഞ്ചായത്തിലെ 14 സീറ്റുകളിൽ ഇടതു മുന്നണിക്ക് അഞ്ചും യു.ഡി.എഫിന് മൂന്നും എൻ.ഡി.എക്ക് എട്ടും സീറ്റാണ് ലഭിച്ചത്. ഡിസംബർ 30 നു നടത്തിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഇടതു സ്ഥാനാർത്ഥികളായ എ.ആർ. രാജു, ഇന്ദിര ജയകുമാർ എന്നിവർ യു.ഡി.എഫിന്റെ പിന്തുണയോടെ ജയിച്ചു. ഇവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെങ്കിലും യു.ഡി.എഫ് പിന്തുണയോടെ ഭരിക്കാനാവില്ലെന്ന് വ്യക്തമാക്കി അന്നു തന്നെ രാജിവച്ചു. തുടർന്ന് ഫെബ്രുവരി 17 ന് വീണ്ടും തിരഞ്ഞെടുപ്പു നടത്തിയപ്പോഴും രാജുവും ഇന്ദിരയും യു.ഡി.എഫ് പിന്തുണ നേടി വിജയിച്ചു. ഹർജിക്കാർ ആറു വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം തന്നെ രാജുവും ഇന്ദിരയും വീണ്ടും രാജിവച്ചു. പഞ്ചായത്തിന്റെ ഭരണം ഇതോടെ അനിശ്ചിതത്വത്തിലായെന്ന് ആരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

 ഹൈക്കോടതി പറഞ്ഞത്

പഞ്ചായത്ത്‌ രാജ് ആക്ടിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിന് പ്രസിഡന്റും വൈസ് പ്രസിഡന്റും അനിവാര്യമാണ്. എൻ.ഡി.എ അംഗങ്ങൾ പദവിയിലെത്തുന്നതു തടയാനും ഇൗ നിയമ വ്യവസ്ഥ ഒഴിവാക്കാനുമുള്ള സൂത്രപ്പണിയാണ് രണ്ടു തവണയും നടന്നത്. ഇതനുവദിക്കാനാവില്ല. യു.ഡി.എഫ് പിന്തുണയോടെ പദവിയിലെത്തുന്നതിന് പ്രത്യയശാസ്ത്രം അനുവദിക്കുന്നില്ലെങ്കിൽ അവർ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏൽക്കരുതായിരുന്നു. ഇതു രണ്ടു തവണ ആവർത്തിച്ചു.