അഭിമന്യു വധത്തിന് പിന്നിൽ സഹോദരനോടുള്ള വൈരാഗ്യം

Sunday 18 April 2021 12:16 AM IST

ആലപ്പുഴ: വള്ളികുന്നം പടയണിവട്ടം ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ പത്താംക്ളാസുകാരൻ അഭിമന്യു കുത്തേറ്റു മരിച്ചതിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കീഴടങ്ങിയ മുഖ്യപ്രതി വള്ളികുന്നം പുത്തൻപുരയ്ക്കൽ സജയ്ജിത്ത്( 21), വള്ളികുന്നം ജ്യോതിഷ് ഭവനത്തിൽ ജിഷ്ണുതമ്പി (24) എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. അഭിമന്യുവിന്റെ സഹോദരൻ അനന്തുവുമായുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു

ഒളിവിൽപ്പോയ കൂടുതൽ പ്രതികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ സ്ഥലത്ത് ഇന്നലെ രാവിലെ 11.30ന് പ്രതികളെ എത്തിച്ച് തെളിവെടുത്തു. ഒളിപ്പിച്ച കത്തി പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി സമർപ്പിച്ച അപേക്ഷ നാളെ പരിഗണിക്കും.

മുഴുവൻ പ്രതികളും രണ്ട് ദിവസത്തിനുള്ളിൽ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 14ന് രാത്രി 9.30നാണ് വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി ഭവനത്തിൽ അമ്പിളി കുമാറിന്റെ മകനുമായ അഭിമന്യുവിനെ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ സജയ്ജിത്ത് എറണാകുളം പാലാരിവട്ടത്തും ജിഷ്ണുതമ്പി എറണാകുളം രാരമംഗലത്തും പൊലീസ് സ്റ്റേഷനുകളിൽ വെള്ളിയാഴ്ചയാണ് കീഴടങ്ങിയത്. അഭിമന്യുവിനോടൊപ്പം കുത്തേറ്റ കാശിനാഥ് (19), ആദർശ്(19) എന്നിവർ ചികിത്സയിലാണ്.