ഇമ്മിണി ബല്യ ബാംഗ്ളൂർ
കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 38 റൺസിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ
ചെന്നൈയിൽ മാക്സ്‌വെല്ലിന്റെയും ഡിവില്ലിയേഴ്സിന്റെയും വെടിക്കെട്ട്
ചെന്നൈ : ഗ്ളെൻ മാക്സ്‌വെല്ലിന്റെയും (49 പന്തുകളിൽ 78 റൺസ്),എ.ബി ഡിവില്ലിയേഴ്സിന്റെയും (34 പന്തുകളിൽ 76 റൺസ് ) തകർപ്പൻ ബാറ്റിംഗും കൈൽ ജാമീസൺ(മൂന്ന് വിക്കറ്റുകൾ),ഹർഷൽ പട്ടേൽ,യുസ്‌വേന്ദ്ര ചഹൽ(രണ്ട് വിക്കറ്റ് വീതം) എന്നിവരുടെ ബൗളിംഗും റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന് സമ്മാനിച്ചത് തുടർച്ചയായ മൂന്നാം വിജയവും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും.
ഇന്നലെ ചെന്നൈയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂർ നാലുവിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തപ്പോൾ കൊൽക്കത്ത 166/8 എന്ന സ്കോറിലൊതുങ്ങുകയായിരുന്നു. ആദ്യ രണ്ടോവറിനുള്ളിൽ നായകൻ വിരാട് കൊഹ്‌ലി ഉൾപ്പടെ രണ്ട് വിക്കറ്റ് വിക്കറ്റ് നഷ്ടമായിട്ടും മാക്സ്‌വെല്ലും ഡിവില്ലിയേഴ്സും ചേർന്ന് 200 കടത്തുകയായിരുന്നു.
വിരാട് കൊഹ്‌ലിയും(5) മലയാളി താരം ദേവ്ദത്ത് പടിക്കലും (25) ചേർന്നാണ് ബാംഗ്ളൂരിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയത്. രണ്ടാം ഓവറിൽ വരുൺ ചക്രവർത്തിയുടെ പന്തിൽ ത്രിപാതിക്ക് ക്യാച്ച് നൽകി കൊഹ്‌ലി മടങ്ങി. ഇതേ ഓവറിൽത്തന്നെ രജത് പാട്ടീദാറിനെ(1) ക്ളീൻ ബൗൾഡാക്കുകയും ചെയ്തതോടെ ബാംഗ്ളൂർ 9/2 എന്ന നിലയിലായി. തുടർന്ന് ദേവ്ദത്തും മാക്സ്‌വെല്ലും ചേർന്ന് സ്കോർ ഉയർത്തുകയായിരുന്നു. 28 പന്തുകളിൽ രണ്ട് ബൗണ്ടറികളടക്കം 25 റൺസ് നേടിയ ദേവ്ദത്ത് ഒരറ്റത്ത് പിന്തുണ നൽകിയപ്പോൾ മാക്സ്‌വെൽ കത്തിക്കയറുകയായിരുന്നു.
12-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ ദേവ്ദത്തിനെ പുറത്താക്കിയപ്പോഴാണ് ഡിവില്ലിയേഴ്സ് കളത്തിലിറങ്ങിയത്. ഒൻപത് ഫോറും മൂന്ന് സിക്സും പറത്തി സീസണിലെ രണ്ടാം അർദ്ധസെഞ്ച്വറിയിലെത്തിയ മാക്സ്‌വെൽ 17-ാം ഓവറിലാണ് പുറത്തായത്. പിന്നീട് കൈൽ ജാമീസണിനെ(11) കൂട്ടുനിറുത്തി ഡിവില്ലിയേഴ്സ് കസറാൻ തുടങ്ങി. ഡിവില്ലിയേഴ്സും ഒൻപത് ഫോറും മൂന്ന് സിക്സും പറത്തി.
മറുപടിക്കിറങ്ങിയ കൊൽക്കത്തയുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്താൻ കഴിഞ്ഞതാണ് ബാംഗ്ളൂരിന് ഗുണമായത്. ശുഭ്മാൻ ഗിൽ (21),നിതീഷ് റാണ(18),രാഹുൽ ത്രിപാതി (25),ഇയോൻ മോർഗൻ (29),ഷാക്കിബ് അൽഹസൻ(26),ആന്ദ്രേ റസൽ (31) എന്നിവർ പുറത്തായതോടെ കൊൽക്കത്തയുടെ പ്രതീക്ഷകൾ തകർന്നു.
മൂന്ന് കളികളിൽ നിന്ന് ആറുപോയിന്റുമായാണ് ബാംഗ്ളൂർ ഒന്നാമതെത്തിയിരിക്കുന്നത്. സീസണിലെ മൂന്ന് മത്സരങ്ങളിൽ കൊൽക്കത്തയുടെ രണ്ടാം തോൽവിയാണിത്. രണ്ട് പോയിന്റുള്ള കൊൽക്കത്ത ആറാം സ്ഥാനത്താണ്.