കുടുംബാംഗങ്ങൾക്കും വാ‌ക്‌സിൻ ലഭ്യമാക്കണം : സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ

Monday 19 April 2021 12:00 AM IST

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് പ്രായവ്യത്യാസമില്ലാതെ കൊവിഡ് വാ‌ക്‌സിൻ ലഭ്യമാക്കണമെന്ന് കേരള ഗവൺമെന്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ വാർഷികസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ജ്യോതി ഇഗ്‌നേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. കളമശേരി മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ. ജിൻസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡോ. ജി.സുപ്രഭ, ഡോ. എബി ജോൺ, ഡോ. സുൻജിത് രവി, കെ.ജി.പി.എം.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. അജിത് പ്രസാദ് ജെ.എസ്. എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി ഡോ. അജിത് കുമാർ കെ.എൻ. (ചീഫ് കൺസൾട്ടന്റ് മെഡിസിൻ, തലശേരി ജനറൽ ആശുപത്രി), സെക്രട്ടറിയായി ഡോ. എം.എസ്.നൗഷാദ് (പീഡിയാട്രീഷ്യൻ, എറണാകുളം ജനറൽ ആശുപത്രി), ട്രഷററായി ഡോ. അർഷാദ് കല്ലിയത്ത്(കൺസൾട്ടന്റ് റെസ്‌പറേറ്ററി മെഡിസിൻ, സ്റ്റേറ്റ് ടി.ബി. സെൽ) എന്നിവരെ തിരഞ്ഞെടുത്തു.