അഭിമന്യു വധം: രണ്ടു പേർ കൂടി അറസ്റ്റിൽ

Monday 19 April 2021 2:38 AM IST

ആലപ്പുഴ: വള്ളികുന്നം പടയണിവട്ടം ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ പത്താംക്ളാസുകാരൻ അഭിമന്യു കുത്തേറ്റു മരിച്ച കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. വള്ളികുന്നം ഇലപ്പിക്കുളം ഐശ്വര്യയിൽ ആകാശ് (പോപ്പി-20), വള്ളികുന്നം പ്രസാദം ഹൗസിൽ പ്രണവ് (അപ്പു-23) എന്നിവരെയാണ് വള്ളികുന്നം സി.ഐ ബി. മിഥുനിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.മുഖ്യപ്രതി വള്ളികുന്നം പുത്തൻപുരയ്ക്കൽ സജയ്ജിത്ത് (21), വള്ളികുന്നം ജ്യോതിഷ് ഭവനത്തിൽ ജിഷ്ണുതമ്പി (24) എന്നിവർ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഒളിവിലായിരുന്ന ആകാശ്, പ്രണവ് എന്നിവരെ ശനിയാഴ്ച രാത്രിയിലാണ് പിടികൂടിയത്. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ സ്ഥലത്ത് ഇന്നലെ പ്രതികളെ എത്തിച്ച് തെളിവെടുത്തു. കായംകുളം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ആകാശ് മോഷണക്കേസിലും പ്രണവ് സ്ത്രീകളെ ആക്രമിച്ച കേസിലും പ്രതികളാണ്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കഴിഞ്ഞ 14ന് രാത്രി 9.30നാണ് വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി ഭവനത്തിൽ അമ്പിളി കുമാറിന്റെ മകനുമായ അഭിമന്യുവിനെ അക്രമിസംഘം കുത്തിക്കൊന്നത്.