തൃശൂർ പൂരത്തിന് കാണികളെ ഒഴിവാക്കിയേക്കും; ദൃശ്യ-നവ മാദ്ധ്യമങ്ങളിലൂടെ ദേശക്കാർക്ക് പൂരം കാണാം

Monday 19 April 2021 12:24 PM IST

തൃശൂർ: പൂരം നടത്തിപ്പിൽ നിയന്ത്രണം കടുപ്പിക്കാമെന്ന് സമ്മതിച്ച് ദേവസ്വങ്ങൾ. കൊവിഡ് വ്യാപനമില്ലാതെ എങ്ങനെ പൂരം നടത്താം എന്നതിനെ കുറിച്ച് ആലോചിക്കാം. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ തീരുമാന പ്രകാരം പൂരം നടത്താൻ തയ്യാറാണെന്നും ദേവസ്വങ്ങൾ ചീഫ് സെക്രട്ടറിയെ അറിയിക്കും. വൈകുന്നേരം നാല് മണിയ്‌ക്കാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്.

കാണികളെ ഒഴിവാക്കി പൂരം നടത്താനാണ് ഇപ്പോൾ പ്രധാനമായും ആലോചിക്കുന്നത്. ചുരുക്കം സംഘാടകരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് പൂരം നടത്താനാണ് നിലവിലെ തീരുമാനം. ദൃശ്യ-നവ മാദ്ധ്യമങ്ങളിലൂടെ തത്സമയം ദേശക്കാർക്ക് പൂരം കാണാൻ സൗകര്യം ഒരുക്കുമെന്നും ദേവസ്വം പ്രതിനിധികൾ പറയുന്നു.

ദേവസ്വം പ്രതിനിധികളുമായി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ ചർച്ച നടത്തുകയാണ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ദേവസ്വങ്ങളെ നിലപാട് മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് സൂചന. വലിയ ആൾക്കൂട്ടം പൂരത്തിന് ഇരച്ചുവന്നാൽ അത് കൊവിഡിന്റെ വൻവ്യാപനത്തിന് ഇടയാക്കുമെന്ന വിമർശനങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയർന്നിരുന്നു.

പൂരം ചടങ്ങുകളടക്കം ഒഴിവാക്കാൻ പാടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച് വന്നിരുന്ന ദേവസ്വങ്ങൾ സർക്കാർ പ്രതിനിധികളുമായി നടത്തിവരുന്ന ചർച്ചകളിലാണ് നിലപാട് മയപ്പെടുത്താൻ തയ്യാറാകുന്നത്. നാല് മണിയ്‌ക്ക് ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്ന യോഗത്തിലായിരിക്കും ഇക്കാര്യങ്ങളിൽ അന്തിമതീരുമാനമുണ്ടാവുക. പൂരം കാണികളെ ഒഴിവാക്കി നടത്താൻ തീരുമാനിച്ചാൽ അത് ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസമാകും.