24 മണിക്കൂറിനുള്ളിൽ റേഷൻകാർഡും വോട്ടർ ഐഡിയും നൽകി, കേരളത്തിൽ ബംഗ്ലാദേശികളും വോട്ട് ചെയ്തു, ശോഭ സുരേന്ദ്രൻ അമിത് ഷായ്ക്ക് കത്തയച്ചു

Monday 19 April 2021 6:47 PM IST

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബംഗ്ലാദേശ് സ്വദേശികളും വോട്ട് ചെയ്തെന്ന് ബി.ജെ..പി നേതാവ് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഇത് സംബന്ധിച്ച് ശോഭാ സുരേന്ദ്രൻ കേന്ദ്രആഭ്യന്തരമന്ത്രി അമത് ഷായ്ക്ക് കത്തയച്ചു. 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡും വോട്ടേഴ്സ് ഐ.ഡിയും നൽകി വോട്ട് ചെയ്യിപ്പിച്ചിട്ട് ബസുകളിൽ കയറ്റി ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും കൊവിഡിന്റെ മറവിൽ തിരികെ കയറ്റിവിടുകയാണെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയയ്ച്ചത്

ഇക്കാര്യത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അ്രമിത്ഷായ്ക്ക് കത്തയച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട് സംസ്ഥാനസർക്കാർ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡും വോട്ടേഴ്സ് ഐഡിയും നൽകി വോട്ട് ചെയ്യിപ്പിച്ചിട്ട് ബസുകളിൽ കയറ്റി ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും കോവിഡിന്റെ മറവിൽ തിരികെ കയറ്റിവിടുകയാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയയ്ച്ചത്. വോട്ടർപട്ടികയിൽ നിന്ന് ബോധപൂർവ്വം പേര് വെട്ടിമാറ്റിയും,പോസ്റ്റൽ വോട്ടുകൾ കീറികളഞ്ഞും, സ്‌ട്രോങ്ങ് റൂമിൽ അനധികൃതമായി കയറിയും എതിർചേരിയിൽ ഉള്ള പ്രവർത്തകരെ ആക്രമിച്ചും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച സർക്കാരിന്റെ കള്ളത്തരങ്ങൾ ഇങ്ങനെ ഓരോന്നായി പുറത്ത് വരികയാണ്. കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയിൽ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത്ഷാ ജിയ്ക്ക് കത്തയച്ചു