യു.ഡി.എഫിന് 80 സീറ്റുകൾ,​ സംസ്ഥാനത്ത് ഭരണമുറപ്പെന്ന് ഡി സി സി പ്രഡിഡന്റുമാരുടെ യോഗം

Monday 19 April 2021 8:39 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 80 സീറ്റുകൾ നേടി ഇത്തവണ യു.ഡി.എഫ് ഭരണം നേടുമെന്ന് കോൺഗ്രസിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി ചേർന്ന ഡി.സി.സി പ്രസിഡന്റുമാരുടെ യോഗമാണ് 80 സീറ്റിൽ വിജയിച്ച് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് വിലയിരുത്തിയത്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിൽ എല്ലാജില്ലകളിലെയും വിജയസാദ്ധ്യത വിലയിരുത്തി. എല്ലായിടത്തും യു.ഡി.എഫ് അനുകൂല തരംഗം പ്രകടമായിരുന്നെന്ന് ഡി.സി.സി പ്രസിഡന്റുമാർ അഭിപ്രായപ്പെട്ടു.

അഭിപ്രായ വ്യത്യാസം മറന്ന് യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി വിജയത്തിനായി പ്രവർത്തിച്ചു.സർക്കാർ വിരുദ്ധ വികാരം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കേരളത്തിലെ തിരഞ്ഞെടുപ്പ് പര്യടനങ്ങൾ യു.ഡി.എഫിന് മികച്ച വിജയം സമ്മാനിക്കാൻ സഹായകമായി എന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ശ്രദ്ധേയമായ പ്രകടനം യുഡിഎഫിന് കാഴ്ച വെയ്ക്കാൻ കഴിഞ്ഞു. നേമത്ത് ഒന്നാന്തരം പോരാട്ടമാണ് യുഡിഎഫ് നടത്തിയത്. നേമത്ത് സി.പി.എം വർഗീയ പാർട്ടികളുമായി ചേർന്ന് സംഖ്യം ഉണ്ടാക്കുകയും വ്യാപകമായി വോട്ടുമറിച്ചെങ്കിലും യു.ഡി.എഫിന്റെ വിജയത്തെ ഇത് ബാധിക്കില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.