പഞ്ചായത്ത് പ്രസിഡന്റ് ആക്രിപെറുക്കുന്നു, പാവങ്ങളെ ചികിത്സിക്കാൻ

Monday 19 April 2021 11:35 PM IST

മാള: അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അതിരാവിലെയിറങ്ങും ആക്രി പെറുക്കാൻ. കളർ മുണ്ടുടുത്ത് ബൈക്കിലാണ് വരവ്. പഞ്ചായത്തിലെ പതിനെട്ട് വാർഡ് മെമ്പർമാരും കക്ഷിഭേദമില്ലാതെ സഹായത്തിനുണ്ടാകും. മറ്റുള്ളവരുടെ ദുരിതം കണ്ടറിഞ്ഞ് കൈത്താങ്ങേകാനാണ് ഈ അധ്വാനം.'യുവത്വം സന്നദ്ധം" എന്ന ജീവൻ രക്ഷാ ദൗത്യത്തിനാണ് ആക്രി വിറ്റ് ധനം സമാഹരിക്കുന്നത്. പഞ്ചായത്തിലാകെ ഈ ദൗത്യത്തിന്റെ നായകനാണ് വിനോദ്. ഓട്ടോ തൊഴിലാളിയായ കെ.ഒ. ലിജുവിന് കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കുള്ള ചെലവ് കണ്ടെത്താൻ ഒരു മാസം മുമ്പാണ് ഈ ദൗത്യം ആരംഭിച്ചത്. തുടർന്ന് ഇതുവരെ മൂന്നര ലക്ഷം രൂപ സമാഹരിച്ചു. നാലു ലക്ഷം തികച്ച ശേഷം 25ന് കൈമാറും. 28നാണ് ശസ്ത്രക്രിയ.പാവപ്പെട്ട രോഗികൾക്ക് ചികിത്സാ ചെലവ് കണ്ടെത്താനുള്ള മാതൃകാ പ്രവർത്തനമായി 'യുവത്വം സന്നദ്ധം" മാറി. വീടുകളിൽ നിന്ന് പഴയ പത്രങ്ങൾ, പുസ്തകങ്ങൾ, ഇരുമ്പ് സാധനം തുടങ്ങിയവയെല്ലാം ശേഖരിക്കും. ആദ്യപടിയായി ആക്രി വില്പനയിലൂടെ ഓരോ വാർഡിൽ നിന്ന് ശരാശരി 10,000 രൂപ സമാഹരിക്കാനാണ് തീരുമാനം.

പതിനെട്ട് വാർഡുകളാണ് അന്നമനട പഞ്ചായത്തിൽ. യു.ഡി.എഫും എൽ.ഡി.എഫും 9 - 9 എന്ന് തുല്യനിലയിൽ. നറുക്കെടുപ്പിലൂടെയാണ് വിനോദ് അദ്ധ്യക്ഷനായത്. ജീവകാരുണ്യ പ്രവർത്തനത്തിനായി അദ്ധ്യക്ഷൻ മുന്നിട്ടിറങ്ങിയതോടെ രാഷ്ട്രീയഭേദമെന്യേ എല്ലാ വാർഡ് പ്രതിനിധികളും ഒപ്പമിറങ്ങി.

ഞായറാഴ്ചകളിലാണ് ഒരുമിച്ചുള്ള ആക്രി ശേഖരണം. മറ്റ് ദിവസങ്ങളിൽ സൗകര്യപ്പെടുന്നവർ മാത്രമിറങ്ങും. എല്ലാ വാർഡിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്‌മയും രൂപീകരിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിന് ആക്രി പെറുക്കുമ്പോൾ മാലിന്യ ശല്ല്യവും ഒഴിവാകും. വിവാഹ മണ്ഡപങ്ങൾ ഒരുക്കലാണ് വിനോദിന്റെ ജോലി. അതിനിടയിൽ ആക്രിപെറുക്കാനും സമയം കണ്ടെത്തും.

രാവിലെ ഞാൻ ആക്രി പെറുക്കാൻ ഇറങ്ങുമ്പോൾ മറ്റു മെമ്പർമാരും സന്നദ്ധ പ്രവർത്തകരും പല സ്ഥലങ്ങളിൽ ഒപ്പമുണ്ടാകും. വെളുപ്പിന് എഴുന്നേൽക്കുന്ന ഞാൻ ഇത്തരം പ്രവർത്തനം കഴിഞ്ഞാണ് വസ്ത്രം മാറി മറ്റു പരിപാടികൾക്കെത്തുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും സഹകരിക്കുന്നു.

പി.വി. വിനോദ് അന്നമനട പഞ്ചായത്ത് പ്രസിഡന്റ്