ആരോഗ്യപ്രവർത്തകർക്ക് പുതിയ കൊവിഡ് ഇൻഷ്വറൻസ് വരും
Tuesday 20 April 2021 12:20 AM IST
ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ മരണപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ കുടംബത്തിന് പുതിയ ഇൻഷ്വറൻസ് പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 50 ലക്ഷത്തിന്റെ ഇൻഷ്വറൻസിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണിത്. ഗരീബ് കല്യാൺ പാക്കേജിന്റെ ഭാഗമായി 2020 മാർച്ചിൽ പ്രഖ്യാപിച്ച ഇൻഷ്വറൻസ് പദ്ധതിയുടെ കാലാവധി കഴിഞ്ഞ മാസം 24വരെയായിരുന്നു. ഒരു ഇൻഷ്വറൻസ് കമ്പനിയുമായി സർക്കാർ ചർച്ചകൾ നടത്തുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ധനമന്ത്രി നിർമ്മലാ സീതാരാമൻ 2020 മാർച്ചിൽ പ്രഖ്യാപിച്ച ഇൻഷ്വറൻസ് പദ്ധതിയുടെ കാലാവധി 90 ദിവസമായിരുന്നെങ്കിലും പിന്നീടത് ഒരു വർഷമായി ദീർഘിപ്പിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ 287 ക്ളെയിമുകളാണ് ലഭിച്ചത്. 2021 മാർച്ച് 24 അർദ്ധരാത്രി വരെയുള്ള ക്ളെയിമുകൾ ഏപ്രിൽ 24വരെ സ്വീകരിക്കും.