കേരളത്തില്‍ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Tuesday 20 April 2021 3:45 PM IST

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 20 മുതല്‍ 24 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്.

ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടുതലാണെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.