നിലംപൊത്തിയ കവുങ്ങിലും പണം കൊയ്യും ബാബു , വൈറലായി പുതിന കൃഷി

Wednesday 21 April 2021 12:00 AM IST

ബാബു മണിയംകുഴിയും ഭാര്യ മാജിയും

കൊച്ചി: മറിഞ്ഞുവീണ അടയ്ക്കാമരങ്ങളാണ് ബാബുവി​ന്റെ കൃഷി​യി​ടം. അതിൽ പുതി​ന കൃഷി​ചെയ്ത് വരുമാനമുണ്ടാക്കുന്ന അങ്കമാലി​ക്കാരൻ ബാബു മണി​യംകുഴി​ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളി​ൽ വൈറലാണ്.

കവുങ്ങിന്റെ കുറച്ചുഭാഗം നീളത്തി​ൽ കീറി ചോറ് നീക്കം ചെയ്ത് മണ്ണും ചാണകവും നിറച്ച് തൈകൾ നടുന്നതാണ് രീതി. വേഗത്തിൽ വിളവെടുക്കാൻ കഴിയുന്നതിനാലാണ് പുതിന നടുന്നത്. ഒരു മാസത്തിനുള്ളിൽ ആറ് - ഏഴ് കിലോ പുതിനയി​ല രണ്ടു കവുങ്ങിൽ നി​ന്ന് ലഭി​ക്കും. കിലോയ്ക്ക് 100 രൂപ നിരക്കിൽ ജൈവരീതിയിൽ വളർത്തിയ പുതിന വാങ്ങാൻ ആളുണ്ട്. സാധാരണ രണ്ടു തവണ വിളവെടുപ്പു കഴിഞ്ഞാൽ നടീൽ മിശ്രിതം മാറ്റണം. ബാബുവിന് ആറ് മാസമായി​ട്ടും നടീൽ മിശ്രിതം മാറ്റേണ്ടിവന്നില്ല. വി​ളവു കൂടുന്നുമുണ്ട്. പച്ചച്ചാണകം വെള്ളത്തിൽ ലയിപ്പിച്ചതാണ് വളം. ഇതിനുപുറമേ നെല്ലും ജാതിയും അടയ്ക്കയും കൃഷി ചെയ്യുന്നുണ്ട്. ഭാര്യ മാജിയാണ് സഹായി.

സോഷ്യൽ മീഡിയയിലെ കൃഷി കൂട്ടായ്മയിൽ പുതിനകൃഷി പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് ഇത് പഠിക്കാനായി വിളിക്കുന്നത്. മറ്റുള്ള ഇലവർഗങ്ങളും കവുങ്ങിൽ കൃഷി ചെയ്യാം. കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാബു. തെങ്ങിൻതടിയിലും സമാനരീതിയിൽ കൃഷി ചെയ്യാൻ ആലോചനയുണ്ട്.

കൃഷി രീതി

20- 25 അടി നീളമുയുള്ള കവുങ്ങാണ് പയോഗിക്കുക. മതിയായ വണ്ണമുള്ളതും കാതലുള്ളതുമായ കവുങ്ങിന്റെ പുറം തൊലി ചെത്തിക്കളഞ്ഞശേഷം പെയിന്റടിക്കുക. പുറമേ നിന്ന് നശിച്ചുപോവാതിരിക്കാനാണിത്. മുകൾ ഭാഗം കൂടുതൽ കീറിക്കളയാൻ പാടില്ല. അഞ്ച് മുതൽ 10 സെന്റി മീറ്റർ വരെ വീതിമാത്രമേ മുകൾ ഭാഗത്ത് പാടുള്ളൂ. മുകൾഭാഗത്തെ ചോറ് മാത്രമാണ് നീക്കംചെയ്യുക. അതിനാൽ ഈർപ്പം കൂടുതൽ നിലനിൽക്കും. രണ്ടു ദിവസത്തിലൊരിക്കൽ നനച്ചാൽ മതി. പി.വി.സി പൈപ്പ് ഉപയോഗിച്ച് ഈ രീതിയിൽ കൃഷി ചെയ്യാമെങ്കിലും നി​രവധി​ വർഷം കേടുകൂടാതെ ഈടുനിൽക്കുമെന്നതാണ് കവുങ്ങ് പരീക്ഷിക്കാൻ പ്രേരണയായത്.