വളർച്ചാപ്രതീക്ഷയിൽ കൊവിഡിന്റെ 'തിരുത്ത്'

Wednesday 21 April 2021 12:00 AM IST

 ഇന്ത്യയുടെ ജി.ഡി.പി വളർച്ചാപ്രതീക്ഷ വെട്ടിക്കുറച്ച് റേറ്റിംഗ് ഏജൻസികൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും കടുത്തതോടെ ഇന്ത്യയുടെ വളർച്ചാപ്രതീക്ഷയിൽ തിരുത്തലുമായി പ്രമുഖ റേറ്റിംഗ് ഏജൻസികൾ. ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ഇക്ര 2021-22ൽ ഇന്ത്യൻ ജി.ഡി.പി 10 മുതൽ 11 ശതമാനം വരെ വളരുമെന്നാണ് നേരത്തേ വിലയിരുത്തിയിരുന്നത്. കഴിഞ്ഞദിവസം, ഇക്ര അത് 10-10.5 ശതമാനമായി താഴ്‌ത്തി.

ഇന്ത്യ 11.5 ശതമാനം വളരുമെന്ന് ആദ്യം പ്രവചിച്ച യു.ബി.എസ് റേറ്റിംഗ് ഏജൻസി ഇപ്പോൾ പ്രതീക്ഷിക്കുന്നത് 10 ശതമാനം. ജാപ്പനീസ് ഏജൻസിയായ നോമുറ 13.5 ശതമാനത്തിൽ നിന്ന് 12.2 ശതമാനത്തിലേക്കും മൂഡീസ് 13.7 ശതമാനത്തിൽ നിന്ന് 12 ശതമാനത്തിലേക്കും ജെ.പി. മോർഗൻ 13 ശതമാനത്തിൽ നിന്ന് 11 ശതമാനത്തിലേക്കും വളർച്ചാപ്രതീക്ഷ വെട്ടി. കൊവിഡ് രണ്ടാംതരംഗം വെല്ലുവിളിയാണെങ്കിലും ഇന്ത്യ നടപ്പുവർഷം 10.5 ശതമാനം വളരുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രവചനം. അന്താരാഷ്‌ട്ര നാണയനിധി (ഐ.എം.എഫ്) 12.5 ശതമാനവും ലോകബാങ്ക് 10.1 ശതമാനവും പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ ജി.ഡി.പിയിൽ നിർണായകപങ്കുള്ള മഹാരാഷ്‌ട്ര, ഡൽഹി, തമിഴ്‌നാട്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് കടന്നതാണ് തിരിച്ചടിയാവുന്നതെന്ന് റേറ്റിംഗ് ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.