ഇടിമിന്നലായി 20,000: അമ്പരന്ന് കേരളം, അധിക നിയന്ത്രണം, രോഗ പരിശോധന വീടുകളിലേക്ക്

Wednesday 21 April 2021 12:00 AM IST

 ബാങ്കുകൾ 10 മുതൽ ഉച്ചയ്ക്ക് 2.00 വരെ

 കോഴിക്കോട്ടും കൊച്ചിയിലും സങ്കീർണം

തിരുവനന്തപുരം: കരുതലും കടുത്ത നിയന്ത്രണങ്ങളും തുടരുന്നതിനിടെ കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുന്നതിന്റെ അമ്പരപ്പിൽ കേരളം. പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ ഇരുപതിനായിരത്തിലേക്ക് അടുത്തു. 1,12,221 പരിശോധനകളിലാണ് 19,577 പോസിറ്റീവ് കേസുകൾ. സംസ്ഥാനത്ത് പ്രതിദിനം ഇത്രയധികം കേസുകൾ ഇതാദ്യം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45. ഇന്നലെ മാത്രം മരണം 28.

പ്രതിസന്ധി മൂർച്ഛിച്ചതോടെ, കൊവിഡ് പരിശോധന വീടുകളിലേക്കു വ്യാപിപ്പിച്ച് കരുതൽ നടപടികൾ ശക്തമാക്കും. വ്യാപനം ശരാശരിയിലും ഇരട്ടിയായ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ മുഴുവൻ വീടുകളിലും ആരോഗ്യപ്രവർത്തകരെത്തി രോഗപരിശോധന നടത്തും. ബാങ്കുകളുടെ പ്രവർത്തനസമയം കുറച്ചും ആരാധനാലയങ്ങളിൽ ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണം നിയന്ത്രിച്ചും പൊലീസ് പരിശോധന കർശനമാക്കിയും തിരക്കു മൂലമുള്ള വ്യാപനം നിയന്ത്രിക്കാൻ സാദ്ധ്യമായ എല്ലാ വഴികളും തേടുകയാണ് സർക്കാർ.

അതേസമയം, രോഗവ്യാപനത്തോത് കൂടുതലുള്ള കോഴിക്കോട്ടും കൊച്ചിയിലും സ്ഥിതി അതിസങ്കീർണമായതോടെ ജില്ലാ കളക്ടർമാർ അധിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കോഴിക്കോട്ടെ ചേമഞ്ചേരി പഞ്ചായത്തിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്തു- 54%. ഇവിടെ 97 പേരെ പരിശോധിച്ചതിൽ 52 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചേമഞ്ചേരി ഉൾപ്പെടെ ഉയർന്ന വ്യാപന നിരക്കുള്ള 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിൽ രോഗികൾ മൂവായിരം കടന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 3212 പേർക്കാണ്. കോർപ്പറേഷനിലെ നാല് ഡിവിഷനുകൾ ഉൾപ്പെടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ഇന്നു വൈകിട്ട് ആറ് മുതൽ ഏഴു ദിവസത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തി. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആലുവ കീഴ്‌മാട് പഞ്ചായത്തിലാണ്- 43%.

ഇന്നു മുതൽ ഇങ്ങനെ

 ടെസ്റ്റ് പോസിറ്റിവിറ്റി ശരാശരിയിലും ഇരട്ടിയായ മേഖലകളിൽ എല്ലാ വീടുകളിലും രോഗ പരിശോധന

 ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ. ക്രമീകരണം 30 വരെ

 ബിവറേജസ് ഒൗട്ട്ലെറ്റുകൾ രാവിലെ 10 മുതൽ രാത്രി 8 വരെ

 കഴിയുന്നത്ര ഒാഫീസുകളിൽ വർക്ക് ഫ്രം ഹോം സൗകര്യത്തിന് നിർദ്ദേശം

 ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഒരേസമയം ദർശനം 10 പേർക്കു മാത്രം

 ക്ഷേത്രങ്ങളുടെ പ്രവർത്തനം രാവിലെ 6 മുതൽ രാത്രി 7 വരെയാക്കി തിരുവിതാംകൂർ ദേവസ്വം

 മാളുകൾ, സിനിമാ തിയേറ്ററുകൾ രാത്രി 7.30 വരെ

കൊ​വി​ഡി​ന്റെ​ ​ര​ണ്ടാം​ ​ത​രം​ഗം​ ​ചെ​റു​ക്കാ​ൻ​ ​ലോ​ക്ക് ​ഡൗ​ൺ​ ​അ​വ​സാ​ന​ ​മാ​ർ​ഗം.​യു​വ​ജ​ന​ങ്ങ​ൾ​ ​ക​മ്മി​റ്റി​ക​ളു​ണ്ടാ​ക്കി​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്തി​നെ​ത്ത​ണം -​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി