ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോടതി അല്ല; സർക്കാർ ജീവനക്കാരുടെ ശമ്പള-പെൻഷൻ വർധനവിനെതിരായ ഹർജി തള്ളി

Tuesday 20 April 2021 10:52 PM IST

ന്യൂഡൽഹി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർദ്ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോടതി അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 'അൗർ ഇൻഡിപെൻഡന്റ് ഓർഗനൈസേഷൻ ഒഫ് പീപ്പിൾ' എന്ന സംഘടനയാണ് കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർദ്ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിൽ പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കരുത് എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ശമ്പള കമ്മീഷന്റെ റിപ്പോർട്ട് കേവലം ശുപാർശ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ശുപാർശ അംഗീകരിക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകാൻ കോടതിക്ക് കഴിയില്ല. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ശമ്പള വർദ്ധനവ് പെൻഷൻ മുതലായ വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് സർക്കാർ ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

എസ്.എ. ബോബ്ഡയെക്കൂടാതെ ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യൻ എന്നിവരാണ് ബെഞ്ചിൽ ഉണ്ടായിരുന്നത്. ശമ്പള, പെൻഷൻ വർദ്ധനവുകൾ തടയണമെന്ന് ആവശ്യപ്പെട്ട് 'അൗർ ഇൻഡിപെൻഡന്റ് ഓർഗനൈസേഷൻ ഒഫ് പീപ്പിൾ' നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതിയും തള്ളിയിരുന്നു.