അധിക തസ്തികകളിലെ അദ്ധ്യാപകർക്ക് അവധിക്കാല ശമ്പളം

Wednesday 21 April 2021 12:09 AM IST

തിരുവനന്തപുരം:സ്‌കൂളുകളിൽ മൂന്ന് വർഷത്തിനിടെയുണ്ടായ അധിക തസ്തികകളിൽ നിയമിച്ച അദ്ധ്യാപകർക്ക് സേവനകാലാവധി പരിഗണിക്കാതെ അവധിക്കാല ശമ്പളം അനുവദിക്കാൻ സർക്കാർ ഉത്തരവായി. സ്ഥിരം തസ്തികകളായി പരിഗണിച്ചാണിത്.

കുട്ടികൾ വർദ്ധിക്കുമ്പോൾ ഉണ്ടാവുന്ന അധിക തസ്തികകൾ ആദ്യ മൂന്ന് വർഷം താൽക്കാലികമായും നാലാം വർഷവും തുടരുന്നുണ്ടെങ്കിൽ സ്ഥിരമായും പരിഗണിക്കുന്നതായിരുന്നു കീഴ്‌വഴക്കം. ഇവർക്ക് തുടർച്ചയായ എട്ട് മാസം സേവനമില്ലെങ്കിൽ അവധിക്കാല ശമ്പളം നൽകില്ലായിരുന്നു. എന്നാൽ അധിക തസ്തികകളാണെങ്കിലും കെ.ഇ.ആർ പ്രകാരം ഇവ സ്ഥിരം തസ്തികകളാണെന്നും താൽക്കാലികം, സ്ഥിരം എന്ന വേർതിരിവിന് നിയമ സാധുതയോ ചട്ടങ്ങളുടെ പിൻബലമോ ഇല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായി. അധിക തസ്തികകൾ ഉൾപ്പെടെ എല്ലാ തസ്തികകളെയും സ്ഥിരം, താൽക്കാലികം എന്ന് വേർതിരിക്കുന്ന കീഴ്‌വഴക്കം ഇനിയുള്ള തസ്തിക നിർണയ ഉത്തരവുകളിൽ തുടരേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. രാജി, മരണം, റിട്ടയർമെന്റ്, സ്ഥിരം ഒഴിവിലേക്കുള്ള പ്രൊമോഷൻ/സ്ഥലംമാറ്റം എന്നിവ വഴിയുണ്ടാകുന്ന ഒഴിവുകളും സ്ഥിരം തസ്തികകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..