സീറ്റുകൾ ഇത്തവണ കുറയും, അധികാരം കിട്ടിയാലും കഷ്‌ടിച്ചേ കടന്നുകൂടൂവെന്ന് സി പി ഐ, കണക്കുകൂട്ടലുകൾ ഇങ്ങനെ

Wednesday 21 April 2021 11:54 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയ്‌ക്ക് സീറ്റുകൾ കുറയുമെന്ന് സി പി ഐ വിലയിരുത്തൽ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടിയെങ്കിൽ ഇത്തവണ 13 സീറ്റിലാണ് പാർട്ടി വിജയം കണക്കാക്കുന്നത്. 13 മുതൽ 16 വരെ സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ തവണ നേടിയ സീറ്റുകൾ സി പി എമ്മിനും നിലനിർത്താൻ കഴിയില്ലെന്നും സി പി ഐ കണക്കുകൂട്ടുന്നു. എങ്കിൽ പോലും 76 മുതൽ 83 വരെ സീറ്റുകൾ നേടി ഇടത് മുന്നണിക്ക് ഭരണതുടർച്ചയുണ്ടാവുമെന്നും പാർട്ടി വിലയിരുത്തുന്നു.

കൊടുങ്ങല്ലൂർ, ഒല്ലൂർ, നാട്ടിക, കയ്‌പമംഗലം. ചാത്തന്നൂർ, പുനലൂർ, ചടയമംഗലം, ചിറയിൻകീഴ്, ചേർത്തല, അടൂർ, വൈക്കം, നാദാപുരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് പാർട്ടി ഉറച്ച വിജയം പ്രതീക്ഷിക്കുന്നത്.

ഇക്കുറി 25 സീറ്റിലാണ് സി പി ഐ മത്സരിച്ചത്. നെടുമങ്ങാട്, കരുനാഗപ്പളളി, പീരുമേട്, മൂവാറ്റുപുഴ, പട്ടാമ്പി എന്നിവിടങ്ങളിൽ ബലാബലം മത്സരമാണെന്നാണ് പാർട്ടി വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് ഇടതുതരംഗമുണ്ടായാൽ നൂറ് സീറ്റിനുമുകളിൽ നേടാനാകുമെന്നാണ് സി പി എം കണക്കുകൂട്ടുന്നത്.