തലസ്ഥാനത്ത് ഏഴിടങ്ങളിൽ സീറ്റ് ഉറപ്പിച്ച് കോൺഗ്രസ്: മൂന്നിടത്ത് സമാസമം, അതിൽ നേമത്തിന്റെ കാര്യമിങ്ങനെ
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. 80ൽ അധികം സീറ്റുകൾ നേടി തുടർഭരണം നേടുമെന്ന് എൽഡിഎഫും, അതിലധികം സീറ്റുകളുമായി ഭരണമാറ്റത്തിലൂടെ തങ്ങൾ അധികാരത്തിലേറുമെന്ന് യുഡിഎഫും ഒരുപോലെ വിശ്വസിക്കുന്നു. 35 സീറ്റ് നേടാനായാൽ ഭരണം പിടിക്കുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പലതവണ വ്യക്തമാക്കിയത്.
അതേസമയം, തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ കാര്യമെടുത്താൽ യുഡിഎഫ് കേന്ദ്രങ്ങളിൽ വിജയപ്രതീക്ഷ ഒരുപടി മുന്നിലാണ്. ഏഴു സീറ്റുകളിൽ വിജയം നേടാനാകുമെന്നാണ് ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പാർട്ടിയുടെ സിറ്റിംഗ് സീറ്റുകളായ അരുവിക്കര, കോവളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇത്തവണയും മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്. പാറശ്ശാല, വർക്കല, നെയ്യാറ്റിൻകര മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനാകുമെന്നും വാമനപുരത്ത് അട്ടിമറി വിജയം നേടാനാകുമെന്നും പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു.
ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ വിജയത്തിലേക്കുള്ള ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചതെന്നും ബൂത്തുതല കണക്കുകൾ വച്ചുകൊണ്ടുള്ള വിലയിരുത്തൽ. ബിജെപി ജില്ലയിൽ ഒരിടത്തും വിജയിക്കില്ലെന്നും ഡിസിസിയുടെ റിപ്പോർട്ടിൽ പറയുന്നു. നേമം, കഴക്കൂട്ടം, നെടുമങ്ങാട് എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് അഭിപ്രായം.
നേമത്തും കഴക്കൂട്ടത്തും പോരാട്ടം എൽഡിഎഫിനോടായിരുന്നു. ഇവിടങ്ങളിൽ ബിജെപി. മൂന്നാം സ്ഥാനത്തേക്കു പോകുമെന്നുമാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.