പുതു പ്രീമിയം കളക്ഷനിൽ എൽ.ഐ.സിക്ക് വൻ നേട്ടം

Thursday 22 April 2021 11:32 PM IST

ചെന്നൈ: കൊവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) പുതു ബിസിനസ് പ്രീമിയം ഇനത്തിൽ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) സമാഹരിച്ചത് സർവകാല റെക്കാഡായ 1.84 ലക്ഷം കോടി രൂപ. മുൻവർഷത്തെ 1.77 ലക്ഷം കോടി രൂപയേക്കാൾ 3.4 ശതമാനം അധികമാണിത്. ക്ളെയിം ഇനത്തിൽ പോളിസി ഉടമകൾക്ക് കമ്പനി കഴിഞ്ഞവർഷം 1.34 ലക്ഷം കോടി രൂപയും നൽകി.

പുതു ബിസിനസ് പ്രീമിയം ഇനത്തിലെ 1.84 ലക്ഷം കോടി രൂപയിൽ 56,406 കോടി രൂപയും ആദ്യവർഷ പ്രീമിയം വരുമാനമാണ്. ഇതും റെക്കാഡാണ്. 10.11 ശതമാനമാണ് വർദ്ധന. പെൻഷൻ ആൻഡ് ഗ്രൂപ്പ് പ്രീമിയം സ്‌കീമിനത്തിൽ 1.27 ലക്ഷം കോടി രൂപയും സമാഹരിച്ചു. 2.10 കോടി പുതിയ പോളിസികളാണ് കഴിഞ്ഞവർഷം ചേർത്തത്. ഇതിൽ 46.72 ലക്ഷവും ചേർത്തത് മാർച്ചിലാണ്; 2019 മാർച്ചിനേക്കാൾ വർദ്ധന 298.82 ശതമാനമാണ്. മെച്യൂരിറ്റി, മണിബാക്ക്, അന്വിറ്റി ക്ളെയിം ഇനത്തിൽ കഴിഞ്ഞവർഷം 2.19 കോടി പോളിസികൾ കമ്പനി തീർപ്പാക്കി; 1.16 ലക്ഷം കോടി രൂപയാണ് മൂല്യം. 9.59 ലക്ഷം ഡെത്ത് ക്ലെയിമുകളിലൂടെ 18,137.34 കോടി രൂപയും തീർപ്പാക്കി.

81.04%

രാജ്യത്തെ ആകെ പോളിസികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷം എൽ.ഐ.സിയുടെ വിപണി വിഹിതം 74.58 ശതമാനമാണ്; മാർച്ചിൽ മാത്രം കമ്പനിക്ക് വിഹിതം 81.04 ശതമാനമാണ്. മൊത്തം പുതു പ്രീമിയത്തിൽ കഴിഞ്ഞവർഷം 66.18 ശതമാനവും മാർച്ചിൽ 64.74 ശതമാനവുമാണ് എൽ.ഐ.സിയുടെ വിപണിവിഹിതം.

13.53 ലക്ഷം

കഴിഞ്ഞവർഷം എൽ.ഐ.സി പുതുതായി ചേർത്തത് 3.45 ലക്ഷം ഏജന്റുമാരെ. കമ്പനിയുടെ ആകെ ഏജന്റുമാർ 13.53 ലക്ഷം.