മേഴ്സി​യുടെ ഓർമ്മകളുമായി​ വയലാർ രവി​ ഇനി കൊച്ചി​യി​ൽ

Thursday 22 April 2021 1:18 AM IST

കൊച്ചി:ഡൽഹി രാഷ്ട്രീയത്തിലെ റോൾ മതിയാക്കി വയലാർ രവി കൊച്ചിയിലെത്തി. താൻ രൂപം നൽകിയ കെ.എസ്.യുവിനെയും ജീവിത പങ്കാളിയായ മേഴ്സിയെയും സമ്മാനിച്ച നഗരത്തിലേക്ക് വീണ്ടും. കാക്കനാട് വാഴക്കാലയി​ലെ എസ്.എഫ്.എസ് ഗാർഡേനി​യ എട്ടാം നമ്പർ വീട്ടി​ൽ ഇളയ മകൾ ലക്ഷ്മി​ രവി​ക്കൊപ്പമാണ് ഇനി​ വയലാർ രവി​യുടെ ജീവി​തം. സജീവ രാഷ്ട്രീയം മതി​യാക്കി​ ഡൽഹി​ ലോധി​ എസ്റ്റേറ്റി​ലെ അറുപതാം നമ്പർ ബംഗ്ളാവി​നോട് വി​ടപറഞ്ഞ് ചൊവ്വാഴ്ച വൈകി​ട്ടാണ് അദ്ദേഹം കൊച്ചി​യി​ലെത്തി​യത്. സംസാരത്തിനിടെ കഴിഞ്ഞ കാലത്തെ ചില രാഷ്ട്രീയ മുഹൂർത്തങ്ങൾ അദ്ദേഹം ഓർമ്മിച്ചു:

തന്നെ സഹായിക്കേണ്ടിയിരുന്ന എ.കെ.ആന്റണി ഉൾപ്പെടെയുള്ളവരുടെ പി​ന്തുണ ലഭിക്കാതെ പോയതി​നാലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ എത്താതെ പോയതെന്ന് രവി പറഞ്ഞു. ആർ.ശങ്കറിന് ശേഷം കോൺഗ്രസിന് ഈഴവ മുഖ്യമന്ത്രി ഇല്ലാതെ പോയതിനെക്കുറി​ച്ച് പതികരിക്കുകയായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ തനിക്ക് അന്ന് കരുണാകരനുമായി അകലേണ്ടി വന്നു. ആ ഘട്ടത്തിൽ തന്നെ സഹായിക്കേണ്ട ആന്റണി​ മൗനി​യായി​. താൻ നിസഹായനാണെന്ന് ഉമ്മൻചാണ്ടിയും പറഞ്ഞു.

1982ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായ തനിക്ക് നാല് വർഷത്തിന് ശേഷം ലീഡറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സ്ഥാനം ഒഴി​യേണ്ടി​വന്നു. പിന്നീട് കരുണാകരനുമായുള്ള അകൽച്ച മാറി. ആ മഞ്ഞുരുകലിൽ മേഴ്സിയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കരുണാകരന്റെ സ്ഥാനാർത്ഥി ഞാനായിരുന്നു. എതിരാളി എ.കെ.ആന്റണിയും. 1991 ഡിസംബർ 31 ന് നടന്ന തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു. 1993 ൽ രാജ്യസഭാംഗമാകാനും കരുണാകരന്റെ പിന്തുണ ലഭിച്ചിരുന്നു.

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രശ്നങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. പാർട്ടിക്ക് എല്ലാ പിന്തുണയുമായി ഞാൻ മുമ്പിലുണ്ടാകും. വയലാറിലെ ഓല മേഞ്ഞ വീട്ടിൽ നിന്ന് ഇവിടെ വരെ എത്താൻ കഴിഞ്ഞത് കോൺഗ്രസ് പാർട്ടി നൽകിയ പിന്തുണ കൊണ്ടാണ് - അദ്ദേഹം പറഞ്ഞു.

Advertisement
Advertisement