മയക്കുമരുന്ന് കടത്താൻ കാരിയറായ പൂച്ച പിടിയിൽ !
കൊടും കുറ്റവാളികളെയടക്കം പാർപ്പിച്ചിരിക്കുന്ന ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിരുതനെ കൈയോടെ പൊക്കി അധികൃതർ. പക്ഷേ, കുറ്റവാളി മനുഷ്യനല്ല, വെളുത്ത നിറമുള്ള പാവത്താൻ ലുക്കുള്ള പൂച്ചയായിരുന്നു അതെന്ന് മാത്രം.
മദ്ധ്യ അമേരിക്കൻ രാജ്യമായ പനാമയിലെ കൊളോൺ പ്രവിശ്യയിലാണ് സംഭവം. ന്യൂവ എസ്പെറാൻസ ജയിലിന് പുറത്ത് വച്ചാണ് കഴുത്തിൽ മയക്കുമരുന്നുകൾ ഒളിപ്പിച്ച ചെറിയ സഞ്ചി തൂക്കിയിരുന്ന പൂച്ചയെ അധികൃതർ പിടികൂടിയത്.
മരിജുവാന, കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പൂച്ചയുടെ കഴുത്തിലെ തുണി സഞ്ചിയിലുണ്ടായിരുന്നു. 1,700 ലേറെ തടവുപുള്ളികളെ പാർപ്പിച്ചിരിക്കുന്ന ജയിലാണ് ന്യൂവ എസ്പെറാൻസ. ഇവിടേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചവർക്കായി അന്വേഷണം നടക്കുകയാണ്. അതേ സമയം, പിടിയിലായ 'ക്രിമിനൽ പൂച്ച"യെ അധികൃതർ പെറ്റ് അഡോപ്ഷൻ സെന്ററിലേക്ക് മാറ്റി. പനാമയിൽ ഇതിന് മുമ്പ് ജയിൽപ്പുള്ളികൾക്ക് വേണ്ടി പ്രാവുകളെയും ഡ്രോണുകളെയും ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത് അധികൃതർ പിടികൂടിയിരുന്നു.
മയക്കുമരുന്ന് കടത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൂച്ചകൾ ഇതിന് മുമ്പും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ശ്രീലങ്കയിലെ വെലികാഡാ ജയിലിലെ തടവുകാർക്ക് സെൽ ഫോൺ സിമ്മുകളും മയക്കുമരുന്നും നൽകാൻ എത്തിയ പൂച്ചയെ അധികൃതർ വലയിലാക്കിയിരുന്നു. രണ്ട് ഗ്രാം ഹെറോയിനും രണ്ട് മെമ്മറി കാർഡുകളും ഒരു മൈക്രോ ചിപ്പും അടങ്ങിയ പ്ലാസ്‌റ്റിക് ബാഗ് കഴുത്തിൽ തൂക്കിയ നിലയിലാണ് പൂച്ചയെ പിടികൂടിയത്. ജീവികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്ന കേസുകൾ ശ്രീലങ്കയിൽ വർദ്ധിച്ച സാഹചര്യത്തിലായിരുന്നു ഇത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മൃഗങ്ങളെ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന മാഫിയ സംഘങ്ങൾ സജീവമാണ്.