എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം നാലായിരം കടന്നേക്കും, ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

Thursday 22 April 2021 5:59 PM IST

കൊച്ചി: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. ജനജീവിതം സ്തംഭിക്കാത്ത രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയതെന്നും, തൊഴിൽപരമായ ആവശ്യങ്ങൾക്ക് കണ്ടെയ്ൻമെന്റ് സോണുകളിലേക്കും പുറത്തേക്കും പോകുന്നതിന് തടസമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ 98 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. ഈ പ്രദേശങ്ങളിലെ ഓഫിസുകൾക്കും ഫാക്ടറികൾക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാനാകും.

ജോലിക്ക് പോകുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് തൊഴിലുടമ ഉറപ്പ് വരുത്തണമെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്. തൊഴിലാളികൾ തിരിച്ചറിയൽ കാർഡോ തൊഴിൽ ദാതാവിന്റെ കത്തോ യാത്രക്കിടയിൽ കയ്യിൽ കരുതണം. കണ്ടെയ്ൻമെന്റ് സോണുകളിലെ ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ മാത്രമേ അനുവദിക്കൂ. അഞ്ചിൽ കൂടുതലാളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും കർശന നിർദേശമുണ്ട്.