യാത്രക്കാരില്ല: കെ.എസ്.ആർ.ടി.സി വരുമാനം കുത്തനെ ഇടിഞ്ഞു

Friday 23 April 2021 12:11 AM IST

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണം കടുപ്പിച്ചതും യാത്രക്കാരുടെ കുറവും മൂലം കെ.എസ്.ആർ.ടി.സി വരുമാനം കുത്തനെ ഇടിഞ്ഞു. പാലക്കാട് ഡിപ്പോയിൽ നിലവിലെ 65 ഷെഡ്യൂളും സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതുമൂലം നേരത്തെ പ്രതിദിനം 10-12 ലക്ഷം രൂപ വരെ വരുമാനം ഉണ്ടായിരുന്നത് 50% കുറഞ്ഞു.

നിലവിൽ ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള എല്ലാ ബസുകളും ഓടുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ സർവീസ് വെട്ടിക്കുറയ്ക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമെടുക്കും.

ജില്ലയിലെ നാലു ഡിപ്പോകളിലും മുഴുവൻ സർവീസുകളും ഓടുന്നുണ്ട്. പാലക്കാട്-65, മണ്ണാർക്കാട്-24, വടക്കഞ്ചേരി-26, ചിറ്റൂർ-29 എന്നിങ്ങനെയാണ് സർവീസുകളുടെ എണ്ണം.

പാലക്കാട് ഡിപ്പോയിൽ കഴിഞ്ഞ ദിവസം 5,36,093 രൂപയാണ് വരുമാനം. മണ്ണാർക്കാട്- 1,74,341, വടക്കഞ്ചേരി- 1,62,579, ചിറ്റൂർ- 1,89,300 എന്നിങ്ങനെയും കളക്ഷൻ ലഭിച്ചു. ഇത് നേരത്തെ ഉണ്ടായിരുന്നതിന്റെ നേർപകുതിയാണ്.

തമിഴ്നാട് ഇ-പാസ് നിർബന്ധമാക്കിയതോടെ വാളയാറിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കോയമ്പത്തൂരിലേക്കും തിരിച്ചുമുള്ള യാത്രക്കാർ കുറഞ്ഞതാണ് വലിയ തിരിച്ചടിയായത്. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ മൂന്നു ബോണ്ട് സർവീസുകൾ കോയമ്പത്തൂരിലേക്ക് പോകുന്നുണ്ട്. കോയമ്പത്തൂർ കളക്ടറേറ്റിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് സർവീസ്.

സമ്പൂർണ ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി കൊവിഡ് വ്യാപനം കുറഞ്ഞതോടെ കരകയറി വരുന്നതിനിടെയാണ് രണ്ടാംതരംഗത്തിൽ വീണ്ടും ദുരിതത്തിലായത്.