ലീവ് സറണ്ടർ തിരിച്ചുപിടിക്കൽ: ഡി.ഡിയുടെ ഉത്തരവ് റദ്ദാക്കി

Friday 23 April 2021 12:00 AM IST

കൊച്ചി: എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് പതിനൊന്നു വർഷം മുമ്പ് സെൻസസ് ഡ്യൂട്ടിക്ക് നൽകിയ ഏൺഡ് ലീവ് സറണ്ടർ ആനുകൂല്യം കൂടിപ്പോയെന്ന് വിലയിരുത്തി പലിശ സഹിതം തിരിച്ചു പിടിക്കാനുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ചങ്ങനാശേരി സ്വദേശിനി മിനി കുര്യൻ,കോട്ടയം സ്വദേശി ബിനു സോമൻ എന്നിവരടക്കം പത്ത് അദ്ധ്യാപകർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി. വിവാദ ഉത്തരവിന്റെ പേരിൽ തടഞ്ഞുവച്ച സർവീസ് -റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നാലു മാസത്തിനകം തിരികെ നൽകണം.

2010 ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇവർ 24 ദിവസത്തെ സെൻസസ് ഡ്യൂട്ടി ചെയ്തത്. സർവീസ് ചട്ടപ്രകാരം 12 ദിവസത്തെ ഏൺഡ് ലീവ് സറണ്ടർ ആനുകൂല്യങ്ങൾ 2010ൽ നൽകി. എന്നാൽ ഹർജിക്കാർക്ക് 16 ദിവസം കൊണ്ടു സെൻസസ് പൂർത്തിയാക്കാമായിരുന്നുവെന്നും, എട്ടു ദിവസത്തെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾക്കേ അർഹതയുള്ളൂവെന്നും വിലയിരുത്തി അധികതുക തിരിച്ചു പിടിക്കാൻ സർക്കാർ 2013 ഏപ്രിൽ 20 ന് ഉത്തരവിറക്കി. എന്നാൽ, തുക തിരിച്ചുപിടിക്കുന്ന നടപടി മരവിപ്പിച്ച് 2013 മേയ് 14 ന് പുതിയ ഉത്തരവിറക്കി. ഇതു നിലനിൽക്കെയാണ്, അധികതുക പലിശ സഹിതം തിരിച്ചുപിടിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവായത്.

24 ദിവസം കൊണ്ട് ചെയ്ത ഡ്യൂട്ടി 16 ദിവസം കൊണ്ടുപൂർത്തിയാക്കാമായിരുന്നുവെന്ന് സർക്കാർ വിലയിരുത്തിയതെങ്ങനെയെന്ന് പറയുന്നില്ലെന്നും, നിയമപരമായി അനുവദിച്ച തുക ഹർജിക്കാരുടെ ഭാഗത്ത് തെറ്റില്ലെന്നിരിക്കെ എങ്ങനെ തിരിച്ചു പിടിക്കുമെന്നതിൽ വ്യക്തതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.