പകൽ കൂടുതൽ ട്രാൻ. ബസ്

Friday 23 April 2021 12:06 AM IST

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടെങ്കിലും രാവിലെ 7 മുതൽ രാത്രി 7 വരെ കൂടുതൽ ഓർഡിനറി, ഹ്രസ്വദൂര ഫാസ്റ്റുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു.

രാത്രിയിൽ 60 ശതമാനം ദീർഘദൂര സർവീസുകൾ ഓടിക്കും. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് പരിമിതമായ ഓർഡിനറി സർവീസുകളും രാത്രി നടത്തും. ഒരു ഡിപ്പോയിൽ നിന്ന് ഒരേസമയം ഒന്നിൽ കൂടുതൽ ബസ് ഒരു റൂട്ടിൽ ഓടിക്കില്ല. ബസുകൾ തമ്മിൽ 15-30 മിനിട്ട് ഇടവേള ഉണ്ടായിരിക്കും.

രാവിലെ 7 മുതൽ 11 വരെയും, വൈകിട്ട് 3 മുതൽ രാത്രി 7 വരെയും സിംഗിൽ ഡ്യൂട്ടിയായി ജീവനക്കാരെ ക്രമീകരിക്കും. 20 ശതമാനത്തിലധികം ജീവനക്കാർക്ക് ഡബിൽ ഡ്യൂട്ടി അനുവദിക്കില്ല. സ്റ്റാൻഡ് ബൈയിൽ വരുന്നവർ ഷെഡ്യൂൾ ഡ്യൂട്ടിക്ക് ഹാജരാകണം. അവർ 7 മണിക്കൂർ ഡിപ്പോയിൽ ഉണ്ടാകണം.

മാസ്കില്ലാത്തവരെ കയറ്റില്ല  ശരിയായി മാസ്‌ക് ധരിക്കാത്തവരെ ബസിൽ കയറ്റില്ല

 തർക്കമുണ്ടായാൽ പൊലീസ് സഹായം തേടും

 കണ്ടക്ടർമാർ നിർബന്ധമായും മാസ്‌ക് ധരിക്കണം

 ജീവനക്കാർക്ക് സോപ്പും വെള്ളവും ലഭ്യമാക്കും

 സർവീസിന് മുമ്പ് ബസ് അണുവിമുക്തമാക്കും