നിഫ്‌റ്റിക്ക് 25-ാം പിറന്നാൾ
കൊച്ചി: പ്രവർത്തന ചരിത്രത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട് ഇന്ത്യയുടെ സ്വന്തം നിഫ്‌റ്റി. 1996 ഏപ്രിൽ 22നായിരുന്നു ദേശീയ ഓഹരി വിപണി അഥവാ എൻ.എസ്.ഇയുടെ (നിഫ്‌റ്റി) പിറവി. തുടക്കം മുതൽ ഇതുവരെ നിഫ്‌റ്റിയുടെ കൂടെയുള്ളത് വെറും 13 ഓഹരികൾ മാത്രം. ഇതുവരെയുള്ള യാത്രയിൽ നിഫ്‌റ്റിക്കൊപ്പമുണ്ടായിരുന്ന നാലിൽ മൂന്ന് ഓഹരികളും പിന്നീട് പുറത്തായി; പുതിയവ വന്നു.
നിഫ്‌റ്റി 50 സൂചികയിൽ തുടക്കംമുതൽ ഇപ്പോഴുമുള്ള 13 ഓഹരികൾ ഇവയാണ് : റിലയൻസ് ഇൻഡസ്‌ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.ടി.സി., എച്ച്.യു.എൽ., എൽ ആൻഡ് ടി., എസ്.ബി.ഐ., ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്‌റ്റീൽ, ഡോ. റെഡ്ഡീസ് ലാബ്, ഗ്രാസിം, ഹീറോ, ഹിൻഡാൽകോ. ഇവയിൽ ടാറ്റാ സ്‌റ്റീൽ, ഹിൻഡാൽകോ, ഗ്രാസിം, ടാറ്റാ മോട്ടോഴ്‌സ് എന്നിവയൊഴികെയുള്ളവ സൂചികയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളായി മാറി. പ്രതിവർഷം ശരാശരി 11.1 ശതമാനം വളർച്ച കുറിച്ച നിഫ്‌റ്റി, 25 വർഷത്തിനിടെ വളർന്നത് 14 മടങ്ങാണ്.
ഊർജം, വാഹനം
1996ൽ നിഫ്‌റ്റിയുടെ തുടക്കത്തിൽ സൂചികയിലെ ആധിപത്യം ഊർജം, വാഹനം, കമ്മോഡിറ്റി വിഭാഗങ്ങൾക്കായിരുന്നു. ഐ.ടി വിഭാഗത്തിന്റെ പ്രാതിനിധ്യം വെറും പൂജ്യമായിരുന്നു. ധനകാര്യ ഓഹരികൾക്ക് 24 ശതമാനം പങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും അതിൽ സ്വകാര്യ ബാങ്കുകളുടെ വിഹിതം 0.4 ശതമാനം മാത്രമായിരുന്നു. സൂചികയിൽ അക്കാലത്തെ ഏക സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റേതായിരുന്നു അത്.