കൊവിഡിനെ നേരിടുന്നതിൽ കേരളം പരാജയം: കെ. സുരേന്ദ്രൻ

Friday 23 April 2021 1:24 AM IST

പത്തനംതിട്ട: കൊവിഡ് രണ്ടാംതരംഗം നേരിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പലയിടത്തും കൊവിഡ് രോഗികൾക്ക് സൗകര്യങ്ങളില്ല. വാക്‌സിനേഷനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുകയാണ്. കാര്യക്ഷമമായ ഏകോപനം നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങളിൽ ആരോഗ്യവകുപ്പ് താത്പര്യം കാണിക്കുന്നില്ല. മുഖ്യമന്ത്രി കൊവിഡ്‌ പ്രോട്ടോക്കോൾ ലംഘിക്കുകയാണ്. മുഖ്യമന്ത്രിക്ക് പാർട്ടിക്കകത്തും മന്ത്രിസഭയിലും തൻപ്രമാണിത്വം കാണിക്കാം. പൊതുസമൂഹത്തിനുമുന്നിൽ അത് പാടില്ല. ഉത്തർപ്രദേശ്‌, മദ്ധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകളുടെ മാതൃകയിൽ വാക്‌സിൻ വാങ്ങാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. എല്ലാം കേന്ദ്രം തന്നാൽ ഇവിടെ വിതരണം ചെയ്യാം എന്ന നിലപാടാണ് സർക്കാരിനുള്ളത്. കേന്ദ്രമന്ത്രി വി. മുരളീധരൻ ഉന്നയിച്ച ചോദ്യങ്ങളോട് വസ്തുതാപരമായി പ്രതികരിക്കാൻ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും സാധിക്കുന്നില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.