സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്

Friday 23 April 2021 2:27 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഓക്സിജൻ ക്ഷാമമില്ലെന്നും കൊവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ ആവശ്യമായ മെഡിക്കൽ ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി ആരോഗ്യവകുപ്പ്.

2020 ഏപ്രിൽ ആദ്യം കേരളത്തിൽ ഉണ്ടായിരുന്ന പ്രതിദിന ഓക്സിജൻ സ്‌റ്റോക്ക് 99.39 മെട്രിക് ടണ്ണും ഉത്പാദനം 50 ലിറ്റർ പെർ മിനിട്ടും ആയിരുന്നു. ഈ മാസം ആദ്യം കേരളത്തിലെ പ്രതിദിന സ്‌റ്റോക് 219 മെട്രിക് ടണ്ണും ഉത്പാദനം 1,250 ലിറ്റർ പെർ മിനിട്ടുമാണ്. നിലവിലുള്ള ആവശ്യത്തേക്കാൾ കൂടുതൽ അളവാണിത്. തിരഞ്ഞെടുത്ത എട്ട് ആശുപത്രികളിൽ ഓക്സിജൻ ജനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആവശ്യമായ ഓക്സിജന്റെ വലിയൊരു ശതമാനവും വിതരണം ചെയ്യുന്നത് കഞ്ചിക്കോട്ടെ പ്ലാന്റാണ്. ഉത്പാദനത്തിന്റെ പകുതിയിലധികം മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനാൽ രോഗികളുടെ എണ്ണം ഉയരുമ്പോൾ സംസ്ഥാനത്തിന് ഓക്സിജൻ ലഭിക്കാതാകുമോയെന്ന ആശങ്കയുണ്ട്.

 കൊവിഡ് പിടിവിട്ടാൽ ക്ഷാമമെത്തും

കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ ഓക്സിജൻ ക്ഷാമം സംസ്ഥാനത്തും നേരിട്ടേക്കാം. ആവശ്യമേറുമ്പോൾ വില കൂടാനും സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജൻ ഇവിടയുള്ള ആവശ്യം കഴിച്ചു മാത്രമേ ഇതര സംസ്ഥാനങ്ങൾക്കു നൽകാവൂ എന്നു സർക്കാർ ഉത്തരവിറക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഓക്സിജന്റെ ലഭ്യത കുറവുണ്ടായാൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം അഭ്യർത്ഥിച്ചിട്ടുണ്ട്.