കള്ളൻ സെൻട്രൽ ജയിലിൽ നിന്ന് രണ്ട് ലക്ഷം കവർന്നു
കണ്ണൂർ: ശക്തമായ സുരക്ഷാ സന്നാഹങ്ങളുള്ള കണ്ണൂർ സെൻട്രൽ ജയിലിലെ ഓഫീസിൽ നിന്ന് 1,95,600 രൂപ മോഷണം പോയി. രണ്ട് കമാൻഡോകൾ തോക്കുമായി കാവൽ നിൽക്കെ, പ്രധാന ഗേറ്റിനു സമീപത്തെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ നിന്ന് പണം കവരുകയായിരുന്നു.
ചപ്പാത്തി യൂണിറ്റിന്റെ ഒരു ദിവസത്തെ വിറ്റുവരവാണ് മോഷണം പോയത്. ഇന്നലെ ബാങ്കിൽ അടയ്ക്കാനിരുന്ന തുകയാണിത്. ബുധനാഴ്ച അർദ്ധരാത്രിക്കു ശേഷമാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു.
ടൗൺ പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പൊലീസ് നായ ജയിലിനടുത്തുള്ള പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് വരെ പോയി തിരിച്ചുവന്നു. വിദഗ്ദ്ധ മോഷ്ടാവാണെന്ന നിഗമനത്തിലാണു പൊലീസ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ബുധനാഴ്ച രാത്രി മഴയിലും ഇടിമിന്നലിലും ജയിലിൽ വൈദ്യുതി നിലച്ചപ്പോഴാണ് കവർച്ച നടന്നതെന്നാണ് കരുതുന്നത്.
സംഭവത്തെപ്പറ്റി ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് റിപ്പോർട്ട് തേടി.