വാളയാർ പെൺകുട്ടികളുടെ വീട്ടിൽ സി.ബി.ഐയുടെ തെളിവെടുപ്പ്

Saturday 24 April 2021 12:45 AM IST

പാലക്കാട്: വാളയാർ കേസന്വേഷിക്കുന്ന സി.ബി.ഐ സംഘം അട്ടപ്പള്ളത്തെ പെൺകുട്ടികളുടെ വീട്ടിൽ തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയുമെടുത്തു.

ഹൈക്കോടതി നിർദ്ദേശപ്രകാരം കേസേറ്റെടുത്ത സി.ബി.ഐ ആദ്യമായാണ് പെൺകുട്ടികളുടെ വീട്ടിലെത്തുന്നത്. പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ട ഷെഡ് സംഘം പരിശോധിച്ചു. പെൺകുട്ടികളുടെ ഉയരവും ഷെഡിന്റെ ഉത്തരത്തിന്റെ പൊക്കവും തമ്മിലെ പൊരുത്തക്കേട് സംബന്ധിച്ച് വിശദമായി പരിശോധിച്ചു.

വരുംദിവസങ്ങളിൽ കൂടുതൽ പേരിൽ നിന്ന് മൊഴിയെടുക്കും. ആദ്യം കേസന്വേഷിച്ച വാളയാർ എസ്.ഐ ചാക്കോ മുതൽ കുറ്റപത്രം സമർപ്പിച്ച ഡിവൈ.എസ്.പി എം.ജെ. സോജൻ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് വിശദാംശം ശേഖരിച്ചാണ് സി.ബി.ഐ വാളയാറിലെത്തിയത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, പോക്‌സോ വകുപ്പുകൾ എന്നിവ ചേർത്ത് കേസിലെ നാല് പ്രതികൾക്കെതിരെ രണ്ട് എഫ്.ഐ.ആറാണ് പോക്‌സോ കോടതിയിൽ സി.ബി.ഐ സമർപ്പിച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് രക്ഷിതാക്കളുടെയും സമരസമിതിയുടെയും ആവശ്യം. വിശദാംശം പരിശോധിച്ച ശേഷം വേണമെങ്കിൽ കൂടുതൽ വകുപ്പ് ചുമത്താനാണ് സി.ബി.ഐ നീക്കം.

13 വയസുള്ള മൂത്തകുട്ടിയെ 2017 ജനുവരി 13നും ഒമ്പതുകാരിയായ സഹോദരിയെ മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.