പുതു ചരിത്രം കുറിച്ച് പൂരം
തൃശൂർ: മഠത്തിൽവരവ് പഞ്ചവാദ്യത്തിന്റെയും ഇലഞ്ഞിത്തറ മേളത്തിന്റെയും പ്രതീകാത്മക കുടമാറ്റത്തിന്റെയും അകമ്പടിയോടെ അരങ്ങേറി, ചരിത്രത്തിൽ കാണികളില്ലാത്ത ആദ്യ തൃശൂർ പൂരം.
ഘടകപൂരങ്ങൾ രാവിലെ ഏഴ് മുതൽ ഓരോന്നായി തേക്കിൻകാട് മൈതാനത്തേക്ക് മേളത്തിന്റെ അകമ്പടിയോടെ ഒരാനപ്പുറത്ത് എഴുന്നള്ളിച്ചെത്തി, വടക്കുന്നാഥനെ വണങ്ങി മടങ്ങി. ആദ്യമെത്തിയത് കണിമംഗലം ശാസ്താവായിരുന്നു. ബാക്കി ഏഴ് ക്ഷേത്രങ്ങളും പഞ്ചാരിയുടെയും പാണ്ടിയുടെയും അകമ്പടിയിലെത്തി. ഘടകപൂരങ്ങൾക്കൊപ്പമുണ്ടായിരുന്നത് 25 ഓളം പേർ മാത്രം.
തുടർന്ന് തിരുവമ്പാടി ദേശത്തിന്റെ മഠത്തിൽവരവ് പഞ്ചവാദ്യമായിരുന്നു. മേളക്കാർ 35 പേർ മാത്രമായിരുന്നെങ്കിലും കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ ബ്രഹ്മസ്വം മഠത്തിന് മുന്നിൽ പഞ്ചവാദ്യം കൊട്ടിക്കയറി. ഉച്ചയോടെ പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. പാണ്ടിമേളത്തിന് തുടക്കമായി. രണ്ടരയോടെയായിരുന്നു വടക്കുന്നാഥനിൽ, പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ ഇലഞ്ഞിത്തറ മേളം. മുൻകാലങ്ങളിലേതു പോലെ മുഴുവൻ മേളക്കാരും പാണ്ടിയുടെ സിംഫണിയെന്ന് വശേഷിപ്പിക്കപ്പെടുന്ന മേളത്തിൽ അണിനിരന്നു. നാലരയോടെ മേളം പൂർണ്ണമായി.
അതേസമയം, ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ മേളവും കഴിഞ്ഞു. പതിനഞ്ചാനകളുമായി പാറമേക്കാവ് ഭഗവതി തെക്കോട്ടിറങ്ങി. ചുവപ്പും ചന്ദനനിറവുമുളള കുടകൾ മാറിയായിരുന്നു തെക്കോട്ടിറക്കം. ഏതാനും കുടകൾ കൂടി മാറിയ ശേഷം സ്വരാജ് റൗണ്ടിൽ നിലയുറപ്പിച്ചു. ഒരാനപ്പുറത്തായിരുന്നു തിരുവമ്പാടി ഭഗവതിയുടെ തെക്കോട്ടിറക്കം. പ്രതീകാത്മ കുടമാറ്റം കഴിഞ്ഞ് തിരുവമ്പാടിയും മടങ്ങി. രാത്രിയിൽ പൂരം എഴുന്നള്ളിപ്പിന് പ്രത്യേക അനുമതി നൽകിയിരുന്നു.
രാവും പകലും സംഘാടകരും പൊലീസും മാദ്ധ്യമപ്രവർത്തകരും മാത്രമായിരുന്നു കാണികളായി പൂരപ്പറമ്പിലുണ്ടായിരുന്നത്. പാറമേക്കാവിന് മുന്നിൽ നിന്ന് ഏഴാനകളുമായി എഴുന്നെള്ളിച്ച് പരക്കാട്ട് തങ്കപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവുമായായിരുന്നു രാത്രിയിലെ എഴുന്നെള്ളിപ്പ്. നായ്ക്കനാലിൽ തിരുവമ്പാടി ഭഗവതിയും ഒരാനപ്പുറത്ത് എഴുന്നള്ളി. ഇന്ന് രാവിലെ 7.30 ന് പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലെ പന്തലിൽ നിന്ന് പകൽപ്പൂരത്തിന് എഴുന്നെള്ളും. തിരുവമ്പാടി നായ്ക്കനാലിൽ നിന്നും ശ്രീമൂലസ്ഥാനത്ത് രാവിലെ 10.30 ഓടെയെത്തി ഉപചാരം ചൊല്ലി പിരിയും. തുടർന്ന് വെടിക്കെട്ടുണ്ടാവില്ല.