സ്വർണക്കടത്ത്: സന്ദീപിന്റെയും സരിത്തിന്റെയും ജാമ്യാപേക്ഷയിൽ വിധി 28 ന്

Saturday 24 April 2021 12:54 AM IST

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായരും സരിത്തും നൽകിയ ജാമ്യ ഹർജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഏപ്രിൽ 28നു വിധി പറയാൻ മാറ്റി. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളാണ് ഇരുവരും. ഇതിൽ സന്ദീപ് നായർക്ക് കസ്റ്റംസ് കേസിലും എൻ.ഐ.എ കേസിലും ജാമ്യം ലഭിച്ചിരുന്നു. എൻ.ഐ.എയുടെ കേസിലെ മാപ്പുസാക്ഷിയാണ് സന്ദീപ്. സ്വർണക്കടത്തു കേസിൽ ആദ്യം അറസ്റ്റിലായത് സരിത്തായിരുന്നു. എൻ.ഐ.എയുടെ കേസിൽ സരിത്തിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇ.ഡിയുടെ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് ഇരുവരും ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇരു ഹർജികളിലും വാദം പൂർത്തിയായതോടെയാണ് ഇന്നലെ കോടതി വിധി പറയാൻ മാറ്റിയത്.