കേരളത്തിന്റെ വാക്സിൻ ചെലവ് 2​600 കോടി : പാതി വില തരാമെന്ന് മോദി, മൊത്തം വേണമെന്ന് മുഖ്യമന്ത്രി

Saturday 24 April 2021 12:56 AM IST

തിരുവനന്തപുരം:കേരളത്തിന് നേരിട്ട് കൊവിഡ് വാക്സിൻ വാങ്ങാനുള്ള ചെലവിന്റെ പകുതി കേന്ദ്രം വഹിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോരെന്നും, മുഴുവൻ ചെലവും വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. മുഴുവൻ ചെലവും കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിന്നീട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സീറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വിലയനുസരിച്ച് കേരളത്തിന് 2600 കോടി ചെലവാകുമെന്നും അതിന്റെ പകുതിയാണെങ്കിൽപ്പോലും വലിയ ബാദ്ധ്യതയാകുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

കേന്ദ്ര നിലപാടിനു കാക്കാതെ വാക്സിൻ നേരിട്ടു വാങ്ങാനുള്ള തീരുമാനവുമായി കേരളം മുന്നോട്ടു പോകുമ്പോഴാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയം സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിൽ ചൂണ്ടിക്കാട്ടി.

വാക്സിൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്കു നൽകിയതാണ് പ്രശ്നം. കേന്ദ്രത്തിന് 150 രൂപയ്ക്ക് നൽകുന്ന വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്‌ക്കു നൽകാനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനം. അപ്പോൾ സംസ്ഥാനത്തിന് 2,​600 കോടി ചെലവാകും. പകുതിയാണെങ്കിലും 1,300 കോടി വേണം. ഈ മഹാമാരിയിൽ അടിയന്തര സേവനങ്ങൾ നൽകി ആളുകളുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാനത്തിന് വലിയ ചെലവുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ക്രഷ് ദി കർവ് എന്ന ലക്ഷ്യത്തിന് കേന്ദ്രസഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ക്വോട്ട നിശ്ചയിക്കാത്തതിനാൽ വാക്സിനായി മത്സരമുണ്ടാകും. ലക്ഷങ്ങളെ രോഗികളാക്കുന്ന മഹാമാരിയെ നേരിടുമ്പോൾ ഇത് ആശാസ്യമല്ല. പണമുള്ളവർ മാത്രം വാക്സിനെടുത്താൽ മതിയെന്ന നിലപാട് സ്വീകരിക്കാനാകില്ല. സ്വതന്ത്ര ഇന്ത്യയിൽ ഇത്ര കാലം തുടർന്ന സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ എന്ന നയം നടപ്പാക്കാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

50 ലക്ഷം ഡോസ് ഉടൻ വേണം

പതിനെട്ടു കഴിഞ്ഞ എല്ലാവർക്കും മേയ് ഒന്നു മുതൽ വാക്സിൻ നൽകാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്ത് 55.09 ലക്ഷം പേർക്ക് ആദ്യ ഡോസും 8.37 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിലധികമുള്ള 1.13 കോടി ആളുകളുണ്ട്. സ്റ്റോക്കുള്ള നാല് ലക്ഷം ഡോസ് രണ്ടു ദിവസം കൊണ്ട് തീരും. 50 ലക്ഷം ഡോസ് വേണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണ്. അത് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. മറ്റു രോഗങ്ങളുള്ളവർക്കും വയോജനങ്ങൾക്കും പ്രത്യേക കൗണ്ടറുകൾ ആലോചിക്കും. ആദിവാസി മേഖലകളിൽ വാക്സിനേഷന് പ്രത്യേക സൗകര്യം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നിച്ചാൽ ക്ഷാമമില്ല:പ്രധാനമന്ത്രി

 കൊവിഡ് പ്രതിരോധത്തിന് ഒറ്റക്കെട്ടാകണം

 ഒന്നിച്ചാൽ ഒന്നിനും ക്ഷാമമുണ്ടാകില്ല

 മരുന്നും ഓക്‌സിജനും എത്തിക്കാൻ ഏകോപനം വേണം

 ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണം