കൊവിഡ്: യാത്രാ നിയന്ത്രണങ്ങളുമായി കൂടുതൽ രാജ്യങ്ങൾ

Saturday 24 April 2021 12:01 AM IST

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ഭീഷണിയാകുമ്പോൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി കൂടുതൽ ലോകരാജ്യങ്ങൾ. ഇന്ത്യയിൽ നിന്ന് അങ്ങോട്ടും തിരിച്ചുമുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ മലയാളികളുൾപ്പടെയുള്ള യാത്രക്കാർ ആശങ്കയിലാണ്.

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യു.എ.ഇയിലേക്ക് ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് പ്രവേശിക്കാനാവില്ല. പത്ത് ദിവസത്തിന് ശേഷം കൊവിഡ് സാഹചര്യങ്ങൾ വിശകലനം ചെയ്ത ശേഷമാകും പിന്നീടുള്ള നിയന്ത്രണങ്ങളെപ്പറ്റി തീരുമാനമെടുക്കുക. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇന്ത്യയിലൂടെ യാത്ര ചെയ്തവർക്കും യു.എ.ഇയിൽ പ്രവേശിക്കാൻ അനുവാദമില്ല. ഒമാനിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി . സിംഗപ്പൂരിലും ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കുണ്ട്.

കാനഡയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് 30 ദിവസത്തേക്ക് പ്രവേശന വിലക്കുണ്ട്. ഇന്നലെ മുതൽ ഈ മാസം 30 വരെ ഇന്ത്യയിൽ നിന്ന് യു.കെയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് അനുമതിയില്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയെ യു.കെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് യാത്രാവിലക്കും വന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ചിട്ടുള്ളവർക്ക് യു.കെയിൽ ഇന്നലെ മുതൽ പ്രവേശന വിലക്കും ഏർപ്പെടുത്തി.

ന്യൂസിലൻഡ് ഈ മാസം 11 മുതൽ 28 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ എണ്ണം 30 ശതമാനം കുറയ്ക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ളവർ ഓസ്ട്രേലിയയിലേക്ക് വിമാനം കയറുന്നതിന്റെ 72 മണിക്കൂർ മുൻപെങ്കിലും കൊവിഡ് പരിശോധിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.